'ബോട്ട് ശക്തമായി ആടിയുലയാൻ തുടങ്ങി,ആളുകൾ പരിഭ്രാന്തരായി'; ജബൽപൂരിലെ ഉല്ലാസയാത്ര ദുരന്തത്തെക്കുറിച്ച് ജില്ലാ കലക്ടർ
text_fieldsമധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ഒമ്പത് പേരുടെ മരണത്തിന് വഴിയോരുക്കിയ ക്രൂയിസ് ബോട്ട് ദുരന്തത്തിന് കാരണമായത് ശക്തമായ കാറ്റും യാത്രക്കാരുടെ അനിയന്ത്രിതമായ ചലനവും കൊണ്ടാണെന്ന് ജില്ലാ കലക്ടർ രാഘവേന്ദ്ര സിങ് അറിയിച്ചു. കാറ്റടിച്ചപ്പോൾ യാത്രക്കാർ പരിഭ്രാന്തരായി ചിതറിയോടിയെന്നും ബോട്ടിന്റെ സമതുലിതാവസ്ഥ തകരാൻ ഇത് കാരണമായെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 90 ഓളം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ബോട്ടിൽ 40 ഓളം യാത്രക്കാരാണുണ്ടായിരുന്നത്. ബർഗി ഡാം റിസർവോയറിൽ വിനോദയാത്രയായി തുടങ്ങിയ ക്രൂസ് യാത്ര കുറച്ച് നിമിഷങ്ങൾക്കകം ദുരന്തമായി മാറുകയായിരുന്നു. ബോട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് പറ്റി. 28 പേരെ രക്ഷപ്പെടുത്തി. നാല് വയസ്സുള്ള ഒരു കുട്ടി ഉൾപ്പടെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു.
'യാത്ര ആരംഭിച്ചതിന് പിന്നാലെ ശക്തമായ കാറ്റ് വീശി. പലരും മുകളിൽ ഉള്ള ഡെക്കിലേക്ക് ഓടി. എല്ലാവരും ഒരുമിച്ച് മുകളിലേക്ക് പോയതോടെ ബോട്ടിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി മാറി. ബോട്ട് ശക്തമായി ആടിയുലയാൻ തുടങ്ങി. ആളുകൾ പരിഭ്രാന്തരായി ഒരുവശത്തുനിന്ന് മറ്റൊരുവശത്തേക്ക് ഓടാൻ തുടങ്ങി. ഇതോടെ ബോട്ടിന്‍റെ ബാലൻസ് നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയും ചെയ്തു.' ജില്ലാ കലക്ടർ രാഘവേന്ദ്ര സിങ് അറിയിച്ചു.
അപകടത്തിന് മുമ്പ് തന്നെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയുള്ള കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ക്രൂയിസ് യാത്ര ആരംഭിക്കുകയായിരുന്നു. ഉയർന്ന വേഗത്തിലുള്ള കാറ്റിന്റെ ആഘാതത്തെ പ്രതിരോധിക്കാൻ ബോട്ടിന് കഴിയുമെന്നതിനാൽ പ്രോട്ടോക്കോൾ അനുസരിച്ച് ബോട്ട് പ്രവർത്തിപ്പിക്കാൻ അനുമതി നൽകുകയായിരുന്നെന്ന് കലക്ടർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ നിരവധി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചു.
ക്രൂയിസ് പൈലറ്റ് മഹേഷ് പട്ടേലിനെയും, ബോട്ടിലെ സഹായി, ടിക്കറ്റ് കൗണ്ടർ ഇൻ ചാർജ് എന്നിവരെയും പിരിച്ചുവിട്ടു. സർക്കാർ ഉടമസ്ഥതയിലുള്ള മൈക്കൽ റിസോർട്ട് ആൻഡ് ബോട്ട് ക്ലബ്ബ്, ബാർഗിയിലെ മാനേജർ സുനിൽ മറാവിയെ സസ്‌പെൻഡ് ചെയ്തു. റീജിയണൽ മാനേജർ സഞ്ജയ് മൽഹോത്രയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചു.
വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഹോം ഗാർഡ്‌സ് ആൻഡ് സിവിൽ ഡിഫൻസ്, മധ്യപ്രദേശ് ഗവൺമെന്റിന്റെ ഒരു സെക്രട്ടറി, ജബൽപൂർ ഡിവിഷൻ കമ്മീഷണർ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അപകടത്തിന്റെ കാരണങ്ങൾ, ക്രൂയിസ് ഓപ്പറേഷൻ നിയമങ്ങൾ പാലിക്കൽ, മറ്റ് പ്രസക്തമായ ഘടകങ്ങൾ തുടങ്ങിയ പ്രധാന വശങ്ങൾ കമ്മിറ്റി പരിശോധിക്കും.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ടൂറിസം വകുപ്പ് വഴി ക്രൂയിസ് പ്രവർത്തനങ്ങൾക്കായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്.ഒ.പി) രൂപീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

