നിയമങ്ങൾ ഇല്ലാത്തതല്ല, നീതി നിഷേധമാണ് രാജ്യത്തെ നിയമസംവിധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി -സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
text_fieldsസുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ഡെറാഡൂൺ: ഇന്ത്യയിലെ നിയമസംവിധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിയമങ്ങളുടെ കുറവല്ലെന്നും സാധാരണക്കാർക്ക് നീതി ലഭ്യമാകാത്തതാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്ത് ശക്തമായ നിയമനിർമാണങ്ങളും നയരൂപീകരണങ്ങളും ഉണ്ടെങ്കിലും അവയുടെ ഗുണഫലങ്ങൾ അർഹരായവരിലേക്ക് എത്തുന്നില്ല. നീതി ലഭിക്കുന്നതിലെ കാലതാമസവും പ്രായോഗികമായ തടസ്സങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ ലീഗൽ സർവിസസ് അതോറിറ്റി, ഉത്തരാഖണ്ഡ് ഹൈക്കോടതി, സ്റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡെറാഡൂണിൽ സംഘടിപ്പിച്ച വടക്കൻ മേഖല റീജ്യനൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപിക്കപ്പെട്ട അവകാശങ്ങളിലല്ല, മറിച്ച് പൗരന്മാർക്ക് യഥാർഥത്തിൽ ലഭിക്കുന്ന അവകാശങ്ങളിലാണ് ഒരു റിപ്പബ്ലിക്കിന്റെ കരുത്ത് അളന്നുതൂക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. നീതി നിലനിൽക്കുന്നുവെന്നത് കൊണ്ട് മാത്രം കാര്യമായില്ല, അത് ഓരോ പൗരന്റെയും പടിവാതിൽക്കൽ കൃത്യസമയത്ത് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭരണഘടനയുടെ യഥാർഥ വിജയം വലിയ കേസുകളിലല്ല, മറിച്ച് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിൽ നീതി എത്രത്തോളം ലഭ്യമാകുന്നു എന്നതിലാണ് അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡ് പോലുള്ള മലയോര സംസ്ഥാനങ്ങൾ നേരിടുന്ന ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ലഡാക്ക്, ശ്രീനഗർ, നാഗാലാൻഡ്, കേരളം എന്നിവിടങ്ങളിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ചുള്ള തന്ത്രങ്ങളാണ് നീതി ഉറപ്പാക്കാൻ നടപ്പാക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾ, ലഡാക്കിലെ സൈനികർ, നാഗാലാൻഡിലെ ആദിവാസി സമൂഹങ്ങൾ എന്നിവർ നേരിടുന്ന പ്രശ്നങ്ങൾ നേരിൽകണ്ട കാര്യവും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.
തർക്കങ്ങൾ വേഗത്തിലും കുറഞ്ഞ ചിലവിലും പരിഹരിക്കാൻ ബദൽ തർക്ക പരിഹാര മാർഗങ്ങൾ (എ.ഡി.ആർ) പ്രോത്സാഹിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. മധ്യസ്ഥ ചർച്ചകൾ, ലോക് അദാലത്തുകൾ എന്നിവയിലൂടെ സാമൂഹിക ബന്ധങ്ങൾ തകരാതെ തന്നെ കേസുകൾ തീർപ്പാക്കാൻ കഴിയും. നിയമസഹായ പദ്ധതികൾ, ബോധവൽക്കരണ പരിപാടികൾ, മൾട്ടി സർവിസ് ക്യാമ്പുകൾ എന്നിവ വഴി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

