മുംബൈ: പ്രേക്ഷകർക്ക് പണം നൽകി ടി.ആർ.പി റേറ്റിങ് ഉയർത്തിക്കാണിച്ചെന്ന പരാതിയിൽ മുംബൈ പൊലീസ് അന്വേഷണം തുടരവെ പരസ്പര ആരോപണം കടുപ്പിച്ച് റിപ്പബ്ലിക്, ഇന്ത്യ ടുഡേ ചാനലുകൾ.
റിപ്പബ്ലിക് ചാനൽ കൃത്രിമം കാണിച്ചെന്ന് എഫ്.ഐ.ആറിൽ പരാമർശമില്ലെന്നും ഇന്ത്യ ടുഡേ ചാനലിനെതിരായി വന്ന പരാതി മുൻവൈരാഗ്യംവെച്ച് തങ്ങൾക്കെതിരെ തിരിച്ചുവിടുകയാണെന്നും ആരോപിച്ച് റിപ്പബ്ലിക് എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി രംഗത്തെത്തി. എന്നാൽ, കുറ്റാരോപിതരോ സാക്ഷികളോ ഇന്ത്യ ടുഡേയെക്കുറിച്ച് പരാമർശമേ നടത്തിയിട്ടില്ലെന്ന മുംബൈ അസി. പൊലീസ് കമീഷണർ മിലിന്ദ് ഭംബാരെയുടെ അഭിമുഖമാണ് ഇന്ത്യ ടുഡേ മറുപടിയായി അവതരിപ്പിച്ചത്.
ടെലിവിഷൻ റേറ്റിങ് പരിശോധിക്കുന്ന ബാരോമീറ്ററുകൾ സ്ഥാപിക്കുന്നതിനും കണക്കെടുപ്പ് നടത്തുന്നതിനും ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) നിയോഗിച്ച ഹൻസ റിസർച് ഗ്രൂപ്പിെൻറ ഡെപ്യൂട്ടി ജനറൽ മാനേജർ നിതിൻ കാശിനാഥ് ദിയോകർ നൽകിയ പരാതിയിലാണ് കാണ്ടിവിലി പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് ഹൻസയിലെ മുൻ ഉദ്യോഗസ്ഥൻ വിശാൽ വേദ് ഭണ്ഡാരി അറസ്റ്റിലായി. ദിവസേന ടി.വിയിൽ ചില പ്രത്യേക ചാനലുകൾ നിശ്ചിത സമയം തുറന്നുവെക്കാൻ ബാരോമീറ്റർ സ്ഥാപിച്ചിരിക്കുന്ന വീട്ടുകാരോട് നിർദേശിച്ചതായും അതിന് നിശ്ചിത തുക പാരിതോഷികമായി നൽകിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ടായി. ഈ സൂചനകളുടെ വെളിച്ചത്തിലാണ് മുംബൈ പൊലീസ് അന്വേഷണം മുന്നോട്ടുപോയതും വെളിപ്പെടുത്തലുകളുമായി പൊലീസ് കമീഷണർ പരംബീർ സിങ് വാർത്തസമ്മേളനം നടത്തിയതും.
പൊലീസിന് മൊഴി നൽകിയ വീട്ടുകാരിൽ ഭൂരിപക്ഷം പേരും റിപ്പബ്ലിക് ചാനൽ കാണാൻ തങ്ങൾക്ക് നിർദേശം ലഭിച്ചിരുന്നുവെന്നാണ് വ്യക്തമാക്കിയത്. ഹൻസ് ഗ്രൂപ്പിെൻറ രണ്ടു മുൻ ജീവനക്കാരും ഫക്ത് മറാത്തി ചാനലിെൻറ രണ്ട് ഉടമകളുമാണ് ഇതുവരെ അറസ്റ്റിലായത്. റിപ്പബ്ലിക് ടി.വി മേധാവികളായ അർണബ് ഗോസ്വാമിക്കോ ഭാര്യ സമ്യബ്രതാ റേ ഗോസ്വാമിക്കോ ഇതുവരെ മുംബൈ പൊലീസ് നോട്ടീസ് നൽകിയിട്ടില്ല.
എന്നാൽ, റിപ്പബ്ലിക് റിപ്പോർട്ടർ പ്രദീപ് ഭണ്ഡാരിക്ക് മറ്റൊരു കേസിൽ സമൻസ് ലഭിച്ചു. നടി കങ്കണ റണാവത്തിെൻറ ഒാഫിസിലെ അനധികൃത നിർമാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാർത്ത പൊലിപ്പിക്കാൻ ആളുകളെ വിളിച്ചുകൂട്ടിയതുമായി ബന്ധപ്പെട്ടാണ് സമൻസ്. നടൻ സുശാന്ത് സിങ് രജ്പുതിന് നീതിക്കായി പോരാടിയതിലെ പ്രതികാരമാണിതെന്ന്പ്രദീപ് ആരോപിച്ചു.