Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.​ഐ.ആറിൽ രണ്ടാം...

എസ്.​ഐ.ആറിൽ രണ്ടാം ദിനവും സഭ സ്തംഭിച്ചു, പുറത്തും പ്രതിഷേധം

text_fields
bookmark_border
Parliament Winter Session
cancel

ന്യൂഡൽഹി: വോട്ടർപട്ടിക തീവ്ര പരിഷ്‍കരണത്തിൽ (എസ്.ഐ.ആർ) ചർച്ച ആവശ്യപ്പെട്ട് പാർല​മെന്റിനകത്തും പുറത്തും ​പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ രണ്ടാം ദിനവും സ്തംഭിച്ചു. ചൊവ്വാഴ്ച രാവിലെ സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ, പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി വോട്ട് ചോർ, ഗഡ്ഡി ഛോട് (വോട്ട് കള്ളൻ, സിംഹാസനം വിടൂ) മുദ്രാവാക്യം വിളിച്ചതോടെ ഉച്ചക്ക് 12 മണിവരെ പിരിഞ്ഞു. സഭ വീണ്ടും പുനരാരംഭിപ്പോൾ സഭാ നടപടികൾ തുടരാൻ പ്രതിപക്ഷം സഹകരിക്കണമെന്നും ഏതു ചർച്ചക്കും സർക്കാർ തയാ​റാണെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചെങ്കിലും സമയം അറിയിക്കാൻ തയാറാകാത്തതിനെ തുടർന്ന് പ്രതിഷേധം തുടർന്നു.

എസ്.ഐ.ആറിൽ ചർച്ച ആവശ്യപ്പെട്ട് രാജ്യഭയിൽ പ്രതിപക്ഷ പ്രതിഷേധം നടന്നു. ബഹളത്തെ തുടർന്ന് ഉച്ചവരെ സഭ നിർത്തിവെച്ചു. ഉച്ചക്കു ശേഷം സഭ തുടർന്നതോടെ, പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി​പ്പോയി. സഭ ആരംഭിക്കുന്നതിന് മുമ്പ് പാർലമെന്റിന് പുറത്തും പ്രതിഷേധം നടന്നു. വോട്ട് ചോർ, ഗഡ്ഡി ഛോട്’ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവർ പ​ങ്കെടുത്തു.

അതേസമയം, പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ, ഇതേ ചൊല്ലി തെരഞ്ഞടുപ്പ് കമീഷനിലുണ്ടായ ഭിന്നത പുറത്തുവന്നു. പ്രായമായവർ, രോഗികൾ, ഭിന്നശേഷിക്കാർ, പാവപ്പെട്ടവർ, സാധാരണക്കാർ എന്നിവർ ഉൾപ്പെടെയുള്ള യഥാർഥ വോട്ടർമാരുടെയും പൗരന്മാരുടെയും വോട്ടവകാശം എസ്.ഐ.ആറിലൂടെ ഇല്ലാതാകരുതെന്ന് കേന്ദ്ര തെര​ഞ്ഞെടുപ്പ് കമീഷണർമാരിലൊരാളായ സുഖ്‌ബീർ സിങ് സന്ധു ആവശ്യപ്പെട്ട വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ബിഹാറിൽ തുടക്കം കുറിച്ച് രാജ്യത്താകെ എസ്.ഐ.ആർ നടത്തണമെന്ന് ജൂൺ 24ന് ഇറക്കിയ ഉത്തരവിന്റെ കരടിൽ ഇതേ തുടർന്ന് മാറ്റം വരുത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പ്രക്രിയയിൽ ജാഗ്രത വേണമെന്ന് ഉത്തരവിന്‍റെ കരടിൽ കമീഷണർ സുഖ്‌ബീർ സിങ് സന്ധു രേഖപ്പെടുത്തിയിരുന്നതായാണ് ഇന്ത്യൻ എക്‌സ്പ്രസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതും, ചിലർക്ക് അധികമായി രേഖകൾ സമർപ്പിക്കേണ്ടിവരുന്നതിനെയും പരാമർശിച്ചാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്.

എസ്.ഐ.ആറിനെ വ്യക്തമായി പൗരത്വ നിയമവുമായി ബന്ധപ്പെടുത്തുന്ന പരാമർശങ്ങളും കരട് രേഖയിലുണ്ടായിരുന്നു.

ഭരണഘടനയും, 1955ലെ പൗരത്വ നിയമവും അനുസരിച്ച് പൗരന്മാരായിരിക്കുന്നവരെ മാത്രമാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഭരണഘടനപരമായ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനുണ്ടെന്ന് കരട് ഉത്തരവിന്‍റെ 2.5, 2.6 ഖണ്ഡികകളിൽ പറയുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പൗരത്വ നിയമത്തിൽ 2004ൽ ഭേദഗതി വരുത്തിയെന്നും അതിനുശേഷം രാജ്യത്ത് ഇതുവരെ എസ്.ഐ.ആർ നടത്തിയിട്ടില്ലെന്നും പരാമർശിക്കുന്നുണ്ട്.

എന്നാൽ, അന്തിമ ഉത്തരവിൽ പൗരത്വ നിയമത്തെക്കുറിച്ചും, 2003ൽ പാസാക്കി 2004ൽ ബാധകമാക്കിയ ഭേദഗതിയെക്കുറിച്ചുമുള്ള പരാമർശം ഒഴിവാക്കി. കമീഷണർ സന്ധുവിന്‍റെ പരാമർശത്തിലെ പൗരന്മാർ എന്ന പദവും ഒഴിവാക്കി. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യേണ്ട വ്യക്തി ഇന്ത്യൻ പൗരനായിരിക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 326ൽ ഒരു മുൻ ഉപാധിയായി നിഷ്കർഷിച്ചിട്ടുണ്ടെന്ന കാര്യം ഉത്തരവിന്‍റെ 8-ാം ഖണ്ഡികയിൽ പറയുന്ന കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരു വാചകം പൂർണമാക്കാതെ അർധവിരാമത്തിൽ വിട്ടിട്ടുമുണ്ട്. ഈ അപൂർണ വാചകത്തെക്കുറിച്ച് കമീഷൻ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. താൻ രേഖപ്പെടുത്തിയ ആശങ്ക പരിഗണിക്കപ്പെട്ടോ എന്ന കാര്യത്തെക്കുറിച്ച് കമീഷണർ സന്ധുവും പിന്നീട് പ്രതികരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LoksabaParliament houseSIR
News Summary - The assembly was disrupted for the second day in SIR, and protests were also held outside.
Next Story