വാർഡനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിലായി; 24 മണിക്കൂറിനകമാണ് അറസ്റ്റ്
text_fieldsആന്ധ്ര പൊലീസ് അധികാരികൾ വാർത്തസമ്മേളനത്തിൽ
ആന്ധ്രപ്രദേശ്: ജയിൽ വാർഡനെ ആക്രമിച്ച് രക്ഷപ്പെട്ട രണ്ടുപ്രതികളെയും പിടികൂടി ആന്ധ്രപ്രദേശ് പൊലീസ്. രക്ഷപ്പെട്ട് ഇരുപത്തിനാല് മണിക്കൂറിനകം ഇരുവരെയും പിടികൂടുകയായിരുന്നു. പ്രതികളായ നക്ക രവികുമാറിനെയും ബേസവാഡ രാമുവിനെയും വിശാഖപട്ടണം സിറ്റി ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്ത് ചോടാവരം പൊലീസിന് കൈമാറി.
വെള്ളിയാഴ്ച ഉച്ചക്കുശേഷം പ്രതികൾ ഹെഡ് വാർഡനെ ചുറ്റിക കൊണ്ട് ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. പെൻഷൻ ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ആരോപണവിധേയനായി ജയിലിലടക്കപ്പെട്ട മുൻ പഞ്ചായത്ത് സെക്രട്ടറി നക്ക രവികുമാർ ജയിൽ അടുക്കളയിൽ വെച്ച് ഹെഡ് വാർഡൻ വാസ വീരരാജുവിനെ ആക്രമിച്ച ശേഷം രവികുമാർ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ മറവിൽ ജയിൽ അടുക്കളയിൽ സഹായിയായിരുന്ന മറ്റൊരു പ്രതിയായ ബേസവാഡ രാമുവും രവികുമാറിനൊപ്പം രക്ഷപ്പെടുകയായിരുന്നു. ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം വാർഡന്റെ മൊബൈൽ ഫോണും താക്കോൽകൂട്ടവും കൈക്കലാക്കിയ ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്.ജാമ്യം ലഭിച്ചിട്ടും മറ്റു നടപടികൾ പൂർത്തിയാവാത്തതിനെ തുടർന്ന് മോചനം ലഭിക്കാത്തതിലുള്ള ദേഷ്യമാണ് വാർഡനോട് പ്രകടിപ്പിച്ചതെന്ന് പൊലീസ് പിന്നീട് പറഞ്ഞു.
രക്ഷപ്പെട്ടതിനെത്തുടർന്ന്, ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ഒന്നിലധികം പൊലീസ് ടീമുകളെ വിന്യസിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ വിശാഖപട്ടണം സിറ്റി ടാസ്‌ക് ഫോഴ്‌സ് ഇരുവരെയും പിടികൂടുകയായിരുന്നു. ഇത് പ്രാദേശിക പൊലീസ് അധികാരികൾക്ക് ആശ്വാസമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചതായി പൊലീസ് അധികാരികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

