ബിഹാറിലെ പ്രചാരണത്തിന് ആരും ക്ഷണിച്ചില്ല; ഫലം നിരാശാജനകം, പാർട്ടി ആത്മപരിശോധന നടത്തണം -തരൂർ
text_fieldsശശി തരൂർ
തിരുവനന്തപുരം: ബിഹാർ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് ശശി തരൂർ എം.പി. തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ നിരാശയുണ്ടെന്നും പരാജയത്തിന്റെ കാരണങ്ങൾ കോൺഗ്രസ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട എം..പി, അതിനുള്ള ഉത്തരവാദിത്തം പാർട്ടിക്കുണ്ടെന്നും പറഞ്ഞു. മഹാസഖ്യത്തിലെ പ്രധാന കക്ഷി കോൺഗ്രസായിരുന്നില്ലെന്നും ആർ.ജെ.ഡിയും സ്വന്തം പ്രകടനം വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിലേതുപോലുള്ള ജനവിധിയിൽ, പാർട്ടിയുടെ പ്രകടനത്തിന്റെ സമഗ്രത പരിശോധിക്കേണ്ടത് പ്രധാനമാണ്. തെരഞ്ഞെടുപ്പു ഫലത്തെ നിരവധി ഘടകങ്ങൾ ബാധിക്കാം. പാർട്ടിയുടെ ശക്തിയേയും ബലഹീനതയേയും കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. മുന്നോട്ടുവെക്കുന്ന ആശയങ്ങളും കൂടുതൽ ശക്തമാകണം. ഇവ പരിഗണിക്കേണ്ട വിഷയങ്ങളാണ്. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിശകലനം ചെയ്യും. പാർട്ടി ആത്മപരിശോധന നടത്തണം. ബിഹാറിലെ പ്രചാരണത്തിന് ആരും തന്നെ ക്ഷണിച്ചിരുന്നില്ലെന്നും ആ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും തരൂർ പറഞ്ഞു. അതിനാൽ വ്യക്തിപരമായ അനുഭവങ്ങളൊന്നുമില്ല. അവിടെ ഉണ്ടായിരുന്നവർ തീർച്ചയായും തെരഞ്ഞെടുപ്പു ഫലം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, രാഹുൽ ഗാന്ധിക്കും നെഹ്റു കുടുംബത്തിനുമെതിരെ ലേഖനമെഴുതിയ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ രംഗത്തുവന്നു. നെഹ്റുവിനെ വിമർശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. എന്നാൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായിരിക്കെ തരൂർ അതിന് മുതിർന്നത് ശരിയല്ല. രാജിവെച്ച് വിമർശിക്കാം. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ വന്നത്. സമൂഹത്തിനുവേണ്ടി ഒരുതുള്ളി വിയർപ്പു പോലും ഒഴുകിയിട്ടില്ല. വസ്തുതകളെല്ലാം തമസ്കരിച്ചാണ് തരൂർ ലേഖനമെഴുതിയതെന്നും ഹസൻ പറഞ്ഞു. നെഹ്‌റു സെന്റർ നടത്തുന്ന നെഹ്‌റു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു പരാമര്‍ശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

