കേരളത്തിൽ സ്ഥാനാർഥി നിർണയം വേഗത്തിലാക്കണമെന്ന് ഹൈകമാൻഡ്; യോഗത്തിൽ പങ്കെടുക്കാതെ തരൂർ
text_fieldsന്യൂഡല്ഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി കോൺഗ്രസ് ഹൈകമാൻഡ്. തർക്കങ്ങളില്ലാതെ സ്ഥാനാർഥി നിർണയം വേഗത്തിലാക്കാനും ഐക്യത്തോടെ പ്രവർത്തിക്കാനും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് വെള്ളിയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ചർച്ച നടത്തിയത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് ചർച്ച പോയില്ല. പകരം ഘടകക്ഷികളുമായി തർക്കമില്ലാതെ സീറ്റ് ചർച്ച പൂർത്തിയാക്കൽ, സിറ്റിങ് സീറ്റുകളിൽ സ്ഥാനാർഥി നിർണയ ചർച്ച വേഗത്തിലാക്കൽ, കൂടുതൽ സംവരണ സീറ്റുകളിൽ വിജയിക്കാൻ തന്ത്രങ്ങൾ രൂപവത്കരിക്കൽ തുടങ്ങിയ നിർദേശങ്ങൾ നൽകി. നേതാക്കൾക്കിടയിലെ ആശയവിനിമയം ശക്തമാക്കണമെന്നും ഹൈകമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ചുമതലയുള്ള നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കെ.ജെ. ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി, കനയ്യകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
പ്രവർത്തക സമിതി അംഗമായ ശശി തരൂർ യോഗത്തിൽ പങ്കെടുത്തില്ല. എറണാകുളത്ത് തദ്ദേശ ജനപ്രതിനിധികൾക്ക് നൽകിയ സീകരണത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി തരൂരിനുണ്ട്. ഇതിനാലാണ് യോഗത്തിൽ നിന്നും വിട്ടുനിന്നതെന്നാണ് സൂചന. എന്നാൽ, ഡി.സി ബുക്സിന്റെ കോഴിക്കോട്ട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനാൽ എത്താൻ കഴിയില്ലെന്ന് തരൂർ അറിയിച്ചിട്ടുണ്ടെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

