നന്ദി ഇന്ത്യ! 10ാം മാസം വീണ് കഴുത്തൊടിഞ്ഞ പാകിസ്താൻ പെൺകുട്ടി 12 വർഷത്തിന് ശേഷം ഡൽഹിയിലെ ചികിത്സയിൽ സുഖംപ്രാപിച്ചു
text_fieldsന്യൂഡൽഹി: 10ാം മാസം സഹോദരിയുടെ കൈയിൽനിന്ന് വീണ് കഴുത്ത് ഒടിഞ്ഞുപോയ പാകിസ്താനി പെൺകുട്ടി ഇന്ത്യൻ ഡോക്ടറുടെ കരുതലിൽ സുഖം പ്രാപിച്ചു. അപകടത്തെത്തുടർന്ന് 90 ഡിഗ്രി കഴുത്ത് വളഞ്ഞുപോയ സിന്ധ് പ്രവിശ്യയിലെ അഫ്ഷീൻ ഗുലാണ് ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചത്.
ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലെ ഡോ. രാജഗോപാലൻ കൃഷ്ണൻ കുട്ടിയുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് അതിരുകളില്ലാത്ത സഹായഹസ്തവുമായി രംഗത്തെത്തുകയായിരുന്നുവെന്ന് ബി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. നാല് മേജർ ഓപ്പറേഷനുകൾ നടത്തിയാണ് ഇദ്ദേഹം കുട്ടിയുടെ കഴുത്ത് നേരെയാക്കിയത്.
ശരിയായ ചികിത്സ ലഭിക്കാതെ 12 വർഷമായി കഷ്ടപ്പെടുകയായിരുന്നു ഗുൽ. സ്‌കൂളിൽ പോകാനോ സുഹൃത്തുക്കളുമായി കൂട്ടുകൂടാനോ അവൾക്ക് കഴിഞ്ഞില്ല. ഭക്ഷണം കഴിക്കുക, നടക്കുക, സംസാരിക്കുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ വരെ പ്രയാസകരമായിരുന്നു. സെറിബ്രൽ പാൾസി കൂടിയായതോടെ വിഷമം ഇരട്ടിയായി. ഗുലിന്റെ മാതാപിതാക്കൾ നാട്ടിലെ ഡോക്ടറെ കാണിച്ചപ്പോൾ മരുന്ന് നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തുടർചികിത്സക്ക് ആവശ്യമായ സാമ്പത്തിക സ്ഥിതിയും ഇവർക്കുണ്ടായിരുന്നില്ല.
ഇതേക്കുറിച്ച് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ അലക്സാണ്ട്രിയ തോമസ് ബി.ബി.സിയിൽ എഴുതിയതോടെയാണ് ശസ്ത്രക്രിയ നടത്താൻ സന്നദ്ധത അറിയിച്ച് ഡോ. കൃഷ്ണൻ കുടുംബത്തെ ബന്ധപ്പെട്ടത്. ഗുലിന് പുതുജീവൻ ലഭിച്ച സന്തോഷത്തിലാണ് കുടുംബം. "ഡോക്ടർ എന്റെ സഹോദരിയുടെ ജീവൻ രക്ഷിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾക്ക് അദ്ദേഹം ഒരു മാലാഖയാണ്" -ഗുലിന്റെ സഹോദരൻ യാക്കൂബ് കുമ്പാർ ബിബിസി ന്യൂസിനോട് പറഞ്ഞു,
2021 നവംബറിലാണ് കുടുംബം ചികിത്സക്കായി ഇന്ത്യയിലെത്തിയത്. "ഓപറേഷൻ സമയത്ത് അവളുടെ ഹൃദയമോ ശ്വാസകോശമോ നിലച്ചേക്കാമെന്ന് ഡോക്ടർ കൃഷ്ണൻ ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ കഠിന പരിശ്രമവും ജാഗ്രതയോടെയുള്ള മേൽനോട്ടവും കാരണം ശസ്ത്രക്രിയ വിജയകരമായിരുന്നു" -യാക്കൂബ് പറഞ്ഞു,
ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ അവൾ അധികകാലം ജീവിക്കില്ലായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോ. കൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "അവളുടെ കേസ് ഒരുപക്ഷേ ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഇപ്പോൾ അവൾ ചിരിക്കുന്നു, സംസാരിക്കുന്നു' -അദ്ദേഹം പറഞ്ഞു. നിലവിൽ എല്ലാ ആഴ്ചയും സ്കൈപ്പ് വഴി ഗുലിന്റെ ആരോഗ്യ സ്ഥിതി ഡോക്ടർ വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

