മകൻ പൈലറ്റായി; രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് നിർഭയയുടെ അമ്മ
text_fieldsന്യൂഡൽഹി: മകൻ പൈലറ്റായതിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് ഡൽഹിയിൽ കൊല്ലപ്പെട്ട നിർഭയയുടെ അമ്മ ആശാ ദേവി. നിർഭയ മരിക്കുമ്പോൾ സഹോദരൻ അമാൻ പ്ലസ്ടു വിലായിരുന്നു. സൈന്യത്തിൽ ചേരണമെന്നായിരുന്നു അവന്‍റെ ആഗ്രഹം. എന്നാൽ ചേച്ചിക്കുണ്ടായ ദുരന്തം അവനെ തളർത്തി. രാഹുലാണ് അവനെ രക്ഷിച്ചതെന്നും അവർ പറഞ്ഞു.
വിദ്യാഭ്യാസം സ്പോൺസർ ചെയ്യുന്നതിനോടൊപ്പം രാഹുലിന്‍റെ നിരന്തരമുള്ള ഫോൺ വിളികൾ പ്രചോദനമായി. ജീവിതത്തിൽ നല്ല നേട്ടങ്ങളുണ്ടാക്കണമെന്നും കുടുംബത്തെ നന്നായി നോക്കണമെന്നും രാഹുൽ ഗാന്ധി മകനോട് പറയുമായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ പൈലറ്റ് ട്രെയിനിംഗ് കോഴ്സിന് ചേരാൻ നിർദ്ദേശിച്ചതും അദ്ദേഹമാണ്. തുടർന്ന് റായ് ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉരൻ അക്കാദമിയിൽ അമാൻ ചേർന്നു. ഇതിനൊടൊപ്പം സൈന്യത്തിലേക്കുള്ള എഴുത്തു പരീക്ഷക്ക് തയാറെടുപ്പും നടത്തി. അക്കാദമിയിൽ പഠനം പ്രയാസമായിരുന്നുവെങ്കിലും എല്ലാ പ്രയാസങ്ങളെയും എന്‍റെ മകൻ അതി ജീവിച്ചുവെന്നും ആശാ ദേവി കൂട്ടിച്ചേർത്തു.
18 മാത്തെ പൈലറ്റ് കോഴ്സിനിടയിലും നിർഭയ കേസിലെ വാദങ്ങൾ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അവൻ ശ്രദ്ധിക്കുമായിരുന്നു. പഠനം പൂർത്തിയാക്കിയ ശേഷം പരിശീലനത്തോടൊപ്പം ജോലിയും തുടരാനായിരുന്നു ആഗ്രഹം. അങ്ങനെയാണ് ഗുരുഗ്രാമിലെ വാണിജ്യ എയർ ലൈൻ കമ്പനിയിൽ ജോലി ലഭിക്കുന്നത്. ഇവിടെ അവസാന വട്ട പരിശീലനത്തിലാണ് അമാൻ. താമസിയാതെ അവൻ വിമാനം പറത്തും -ആശ പറഞ്ഞു
നിർഭയയുടെ ഇളയ സഹോദരൻ പൂണെയിൽ എഞ്ചിനിറിങ് വിദ്യാർഥിയാണ്. പിതാവ് ഡൽഹി എയർപോർട്ടിലെ സ്ഥിരം ജീവനക്കാരനും. നിർഭയക്കേസിലെ കുറ്റവാളികളുടെ വധ ശിക്ഷ വൈകുന്നതുമായി ബന്ധപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ തിഹാർ ജയിൽ ഡെപ്യൂട്ടി കമ്മീഷ്ണർക്ക് കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു. 5 മാസം മുൻപ് സുപ്രിം കോടതി വിധി വൈകുന്നത് ചോദ്യം ചെയ്ത് ആശാ ദേവിയും വനിതാ കമ്മീഷന് മുൻപിലെത്തിയിരുന്നു.
2012ലാണ് ഡൽഹിയിൽ കൂട്ട മാനഭംഗത്തിനിരയായി നിർഭയ കൊല്ലപ്പെടുന്നത്. കേസിലെ പ്രതികൾക്ക് സുപ്രീം കോടതി നേരത്തെ വധ ശിക്ഷ വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
