പിതാവ് സൈറസ് പൂനെവാലക്ക് പത്മഭൂഷൺ ലഭിച്ചതിനുപിന്നാലെ കേന്ദ്ര സർക്കാറിന് നന്ദിപറഞ്ഞ് മകനും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അഡാർ പൂനാവാല. 'എന്‍റെ വഴികാട്ടിയും എന്‍റെ ഹീറോയും എന്‍റെ പിതാവുമായ ഡോ. സൈറസ് പൂനെവാലക്ക് അംഗീകാരം നൽകിയ ഇന്ത്യൻ സർക്കാരിന് ഞാൻ നന്ദി പറയുന്നു'' എന്നായിരുന്നു അഡാറിന്‍റെ ട്വീറ്റ്.
പത്മ പുരസ്കാരം ലഭിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനനമറിയിച്ചു. 'ഈ വർഷം പത്മ പുരസ്‌കാരങ്ങൾ ലഭിക്കുന്ന അർഹരായ എല്ലാ വ്യക്തികൾക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എന്‍റെ വഴികാട്ടിയും എന്‍റെ ഹീറോയും എന്‍റെ പിതാവുമായ ഡോ. സൈറസ് പൂനെവാലക്ക് അംഗീകാരം നൽകിയ ഇന്ത്യൻ സർക്കാരിന് ഞാൻ നന്ദി പറയുന്നു' -ട്വീറ്റിൽ പറഞ്ഞു.
കോവിഡിനുള്ള കോവിഷീൽഡ് വാക്സിൻ നിർമിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്.ഐ.ഐ) മാനേജിങ് ഡയറക്ടറാണ് സൈറസ് പൂനാവാല. കൊവാക്സിൻ വാക്സിന്റെ നിർമാതാക്കളായ ഭാരത് ബയോടെക് ചെയർമാൻ കൃഷ്ണ എല്ലയ്ക്കും സഹസ്ഥാപകയായ സുചിത്ര എല്ലയ്ക്കും പത്മഭൂഷൺ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, കോവിഷീൽഡിനും െകാവാക്സിനും കുത്തനെ വില കുറക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിൽ ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് സ്വകാര്യ ആശുപത്രികളിൽ 1,200 രൂപയാണ് ഡോസിന്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിന് 780 രൂപയാണ് ഈടാക്കുന്നത്. രണ്ടിനും
275 രൂപയായി കുറക്കാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 93,26,06,511 പേരാണ് ഇതുവരെ ഒരുഡോസ് വാക്സിനെടുത്തത്. 68,91,33,722 പേർ രണ്ടുഡോസും 85,72,097 പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചു.
ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന കൊവിഡ്-19 വാക്സിനുകളാണ് കോവിഷീൽഡും കോവാക്‌സിനും. ഇവയുടെ വില താങ്ങാനാവുന്ന തരത്തിലാക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായാണ് പുനർനിർണയിക്കുന്നതെന്നും വില പരിധി നിശ്ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് (എൻപിപിഎ) നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.