മുംബൈയിൽ വിപരീത ദിശകളിൽ വന്ന ട്രെയിനുകളിലെ യാത്രക്കാർ തമ്മിൽ കൂട്ടിമുട്ടി വീണ് അഞ്ചു പേർ മരിച്ചു
text_fieldsമുംബൈ: മുംബൈയിൽ ട്രെയിനിൽ നിന്ന് വീണു അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്. മുംബ്രയിൽ നിന്ന് ദിവ സ്റ്റേഷനിലേക്ക് പോയ സബർബൻ ട്രെയിനാണ് അപകടത്തിൽ പെട്ടത്. അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയിൽവേ അറിയിച്ചു. പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേരും മരിച്ചു. രണ്ടു ട്രെയിനുകൾ ക്രോസ് ചെയ്യുമ്പോഴാണ് അപകടം. രണ്ടു ട്രെയിനുകളിലുമുള്ള നിരവധി യാത്രക്കാർ ഡോറുകളിൽ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു. ക്രോസ് ചെയ്തപ്പോൾ ഇവർ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തൽ.
വിപരീത ദിശകളിൽ നിന്ന് വന്ന ട്രെയിനുകൾ ക്രോസ് ചെയ്യുന്നതിനിടെ ഫുട്ബോർഡിലും മറ്റും നിന്ന യാത്ര ചെയ്തിരുന്നവർക്ക് ബാലൻസ് നഷ്ടപ്പെടുകയായിരുന്നുവെന്നാണ് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞതെന്ന് സെൻട്രൽ റെയിൽവെ സി.പി.ആർ.ഒ അറിയിച്ചു. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചല്ല അപകടമുണ്ടായത്. സാധാരണ ഗതിയിൽ രണ്ടു പാളങ്ങൾക്കിടയിൽ 1.5-2.00 മീറ്റർ വീതിയുണ്ട്. എന്നാൽ വളവുകളിലും മറ്റും എത്തുമ്പോഴുള്ള ചെരിവ് മൂലമായിരിക്കാം അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

