ട്രെയിൻ അപകടം: റെയിൽവേ എൻജിനീയർമാർക്കെതിരെ കേസ്
text_fieldsമുംബൈ: താണെയിൽ തിങ്ങിനിറഞ്ഞ രണ്ട് ട്രെയിനുകളിലെ യാത്രക്കാർ തമ്മിലുരസി പാളത്തിൽ വീണ് നാലുപേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് റെയിൽവേ എൻജിനീയർമാർക്കെതിരെ റെയിൽവെ പൊലീസ് (ജി.ആർ.പി) കേസെടുത്തു. ഇതാദ്യമായാണ് ട്രെയിൻ അപകടങ്ങളിൽ റെയിൽവേ എൻജിനീയർമാർക്കെതിരെ കേസെടുക്കുന്നത്. ജൂൺ ഒമ്പതിനായിരുന്നു സംഭവം.
അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ വിശാൽ ഡോലസ്, സീനിയർ സെക്ഷൻ എൻജിനീയർ സമർ യാദവ് എന്നിവരെ മുഖ്യപ്രതികളാക്കിയാണ് കേസെടുത്തത്. വീർമാത ജിജബായി ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. നഗരസഭ ഉദ്യോഗസ്ഥരുടെതടക്കം മുന്നറിയിപ്പ് അവഗണിച്ചെന്നും ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിൽ ബോധപൂർവം വീഴ്ചവരുത്തിയെന്നുമാണ് ആരോപണം.
രണ്ട് ട്രാക്കുകൾക്കിടയിൽ 4,506 മില്ലി മീറ്റർ അകലം വേണമെന്നാണ് ചട്ടം. എന്നാൽ, അറ്റകുറ്റപ്പണി നടത്താത്തതിനാൽ അപകടം നടന്ന പ്രദേശത്ത് ട്രാക്കുകൾ തമ്മിലെ അകലം 4,265 മില്ലീ മീറ്റർ മാത്രമായിരുന്നു എന്നാണ് കണ്ടെത്തൽ. യാത്രക്കാരെ കുറ്റപ്പെടുത്തിയായിരുന്നു റെയിൽവേയുടെ റിപ്പോർട്ട്. എന്നാൽ, ഇത് ജി.ആർ.പി തള്ളി. പ്രതിചേർക്കപ്പെട്ട രണ്ട് എൻജിനീയർമാരും ഒളിവിലാണ്. റെയിൽവേ കേസിൽ സഹകരിക്കുന്നില്ലെന്ന് ജി.ആർ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

