ഷൂസിൽ ജാതിപ്പേര്; യു.പിയിൽ മുസ്ലിം കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsലഖ്നോ: ഠാക്കൂർ എന്ന ബ്രാൻഡ് പേരുള്ള ഷൂ വിറ്റതിന് മുസ്ലിം കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ ബുലന്ദ്ശഹറിലാണ് സംഭവം. ഷൂ സോളിലാണ് ഠാക്കൂർ എന്നെഴുതിയിരുന്നത്. വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഉത്തർപ്രദേശിലെ ഉന്നത ജാതിവിഭാഗമാണ് ഠാക്കൂർ.
ബംജ്റംഗദൾ നൽകിയ പരാതിയിലാണ് കച്ചവടക്കാരനായ നാസറിനെ അറസ്റ്റ് ചെയ്തത്. നാസറിനെതിരെ 153എ, 323, 504 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഷൂവിന് പേരിട്ടത് കമ്പനിയാണെന്നും തനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും നാസർ പറയുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടർന്ന് നാസറിനെതിരെ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് ഇയാളെ വിട്ടയച്ചു. എന്നാൽ, 153എ വകുപ്പിൽ മാത്രമാണ് തെളിവ് ലഭിക്കാത്തതെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
പരാതിക്കാരൻ നാസറിന്‍റെ ചെരുപ്പുകടയിൽ ചെന്നപ്പോൾ അദ്ദേഹം ഷൂവിൽ ഠാക്കൂർ എന്ന ജാതിപ്പേര് കാണുകയും അതിനെ പരാതിക്കാരൻ ചോദ്യം ചെയ്‌തപ്പോൾ കടയുടമ അദ്ദേഹത്തെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആർ. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം ഒരു കൂട്ടം ആളുകൾ കച്ചവടക്കാരനു ചുറ്റും കൂടിയത് കാണാം. "ഞാനാണോ ഷൂകൾ നിർമിക്കുന്നത്? "നാസർ ചോദിച്ചു. അപ്പോൾ ചുറ്റും കൂടി നിന്ന ആളുകളിലൊരാൾ "പിന്നെയെന്തിനാണ് താൻ ഇതിവിടെ കൊണ്ട് വന്നത്?" എന്ന് ചോദിക്കുന്നതും കാണാം. ദൃശ്യങ്ങളിൽ എവിടെയും അക്രമം നടന്നതായി കാണുന്നില്ല.
അതേസമയം, വർഷങ്ങളായി ഠാക്കൂർ എന്നെഴുതിയ ഷൂ വിൽക്കുന്നുണ്ടെന്ന് കമ്പനി വിശദീകരിച്ചു. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സൈറ്റുകളിലും ഷുവിന്‍റെ വിൽപന നടത്താറുണ്ടെന്നും കമ്പനി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

