ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; ഇന്ത്യൻ വിനോദസഞ്ചാരിക്ക് തായ്ലൻഡിൽ ദാരുണാന്ത്യം
text_fieldsബാേങ്കാക്: ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ വെടിവെപ്പിൽ ഇന്ത്യക്കാരൻ അടക്കം രണ്ടു വിദേശ വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും രണ്ട് ഇന്ത്യക്കാർ അടക്കം അഞ്ചു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. റാച്ചാദേവി ജില്ലയിലെ സെൻറാറ വാട്ടർഗേറ്റ് പാവില്യൻ ഹോട്ടലിനു സമീപത്താണ് വെടിവെപ്പുണ്ടായതെന്ന് ബാേങ്കാക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
42കാരനായ ഗഖ്രേജ് ധീരജ് എന്ന ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. ലാവോയിൽനിന്നുള്ള തൊനേക്യോ ആണ് കൊല്ലപ്പെട്ട മറ്റൊരാൾ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദസഞ്ചാരികളായി ഇവിടെയെത്തിയ ഇന്ത്യക്കാർ ഇന്ത്യൻ റസ്റ്റാറൻറിൽനിന്ന് രാത്രിഭക്ഷണം കഴിച്ച് സമീപത്ത് ബസിനായി കാത്തുനിൽക്കവെയാണ് അടുത്തുള്ള സ്നൂക്കർ ക്ലബിൽനിന്ന് രണ്ടു ഗുണ്ടാസംഘങ്ങൾ വന്ന് പരസ്പരം വെടിവെപ്പ് നടത്തിയത്.
ഇവർ ഇതിനിടയിൽപെടുകയായിരുന്നു. ആക്രമണത്തിനുശേഷം സംഘങ്ങൾ കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു. 20ഒാളം പേർ സംഘത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.