രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി താക്കറെ സഹോദരങ്ങൾ ഒന്നിക്കുന്നു, സ്ഥിരീകരിച്ച് ശിവസേന; സാക്ഷ്യം വഹിക്കാനൊരുങ്ങി മുംബൈ നഗരം
text_fieldsമുംബൈ: ജൂലൈ അഞ്ചിന് അപൂർവമായൊരു രാഷ്ട്രീയ സംഭവ വികാസത്തിനാണ് മുംബൈ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. മറാത്തി ഭാഷക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങിൽ സഹോദരങ്ങളായ ഉദ്ധവ് താക്കറെയും രാജ്താക്കറെയും ഒന്നിച്ച് വേദി പങ്കിടാൻ പോകുന്ന എന്ന ശുഭവാർത്തയാണ് രാഷ്ട്രീയ നിരീക്ഷകരെ കാത്തിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് താക്കറെ സഹോദരങ്ങൾ ഒന്നിച്ച് പൊതുവേദി പങ്കിടാനൊരുങ്ങുന്നത്.
മറാത്തി വിജയ റാലി എന്നാണ് പരിപാടിയുടെ പേര്. ത്രിഭാഷാനയത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതൽ ഹിന്ദി മൂന്നാംഭാഷയായി അടിച്ചേൽപിക്കാനുള്ള മഹാരാഷ്ട്ര സർക്കാറിന്റെ തീരുമാനത്തിനെതിരെ ശിവസേനയടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വ്യാപക പ്രതിഷേധമാണ് ഉയർത്തിയത്. താക്കറെ സഹോദരങ്ങൾ ഒന്നിക്കുന്ന കാര്യം ശിവസേന(യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
''ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കം പിൻവലിച്ചിരിക്കുന്നു. ഇത് മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിജയമാണ്. ജൂലൈ അഞ്ചിന് പ്രഖ്യാപിച്ച പ്രതിഷേധ സമരം ഒരുതരത്തിൽ വലിയ ആഘോഷമാണ്. ശിവസേന(യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) രാജ് താക്കറെയും ഒന്നിച്ചു വേദി പങ്കിടും. മുംബൈക്കാർക്ക് അത് വലിയൊരു കാഴ്ചയായിരിക്കും''-എന്നാണ് സഞ്ജയ് റാവുത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ഹിന്ദി അടിച്ചേൽപിക്കാനുള്ള തീരുമാനം പിൻവലിച്ചത് വലിയൊരു വിജയമാണ്. ജൂലൈ അഞ്ചിന് പ്രതിഷേധിക്കാനായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ അത് പിൻവലിച്ചതിനാൽ ആ ദിവസം ആഘോഷമാക്കി മാറ്റാനാണ് തീരുമാനമെന്നും റാവുത്ത് പറഞ്ഞു.
ജൂലൈ അഞ്ച് മറാത്തി ഭാഷക്കായുള്ള വിജയദിനമായി ആഘോഷിക്കും. താക്കറെ സഹോദരങ്ങൾ എത്തും' എന്ന് നേരത്തേ ഇതുസംബന്ധിച്ച പോസ്റ്റർ പങ്കുവെച്ച് റാവുത്ത് പറഞ്ഞിരുന്നു. ഇതോടെ പരിപാടിയിൽ താക്കറെ സഹോദരങ്ങൾ ഒന്നിക്കുമെന്ന അഭ്യൂഹം പരന്നു. പിന്നീട് റാവുത്ത് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് തീരുമാനം പിൻവലിക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഫഡ്നാവിസിന്റെ പ്രഖ്യാപനം. ത്രിഭാഷാനയം പരിശോധിക്കാനായി ഡോ. നരേന്ദ്ര ജാധവിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

