ശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു ഹിസ്ബുൽ മുജാഹിദീൻ ഭീകരർക്ക് കോവിഡ് സ്ഥിരീകരിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ ഫലം പോസിറ്റിവായെന്ന് പൊലീസ് അറിയിച്ചു. കുൽഗാമിലെ അർറ മേഖലയിലെ വെടിവെപ്പിലാണ് ഭീകരർ കൊല്ലെപ്പട്ടത്. ഒരു സൈനികന് പരിക്കേറ്റിരുന്നു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കോവിഡ് നിയമങ്ങൾ പാലിച്ച് മറവുചെയ്തതായി പൊലീസ് വക്താവ് അറിയിച്ചു. അലി ഭായ് എന്നറിയപ്പെടുന്ന ഹൈദറാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.