‘ഭീകരർ ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ചു, വിനാശം ചോദിച്ചുവാങ്ങി’; ഓപറേഷൻ സിന്ദൂർ ധീരതയുടെ പ്രതീകമെന്നും മോദി
text_fieldsഭോപാൽ: പഹൽഗാമിൽ സ്ത്രീകളുടെ കൺമുന്നിൽ അവരുടെ ഭർത്താക്കന്മാരെ കൊന്ന്, ഭീകരർ ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ചെന്നും അതുവഴി അവരുടെ വിനാശം ചോദിച്ചുവാങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപറേഷൻ സിന്ദൂർ ഇന്ത്യയുടെ ചരിത്രത്തിൽ ഭീകരതക്കെതിരായ ഏറ്റവും വിജയകരമായ ദൗത്യമാണെന്നും മധ്യപ്രദേശിലെ ഭോപാലിൽ നടന്ന പൊതുപരിപാടിയിൽ മോദി പറഞ്ഞു.
“പഹൽഗാമിൽ ഭീകരർ രക്തം ചിന്തുക മാത്രമല്ല ചെയ്തത് -അവർ നമ്മുടെ സംസ്കാരത്തെയും ആക്രമിച്ചു. നമ്മുടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു. ഇന്ത്യയുടെ നാരീശക്തിയെ ഭീകരർ വെല്ലുവിളിച്ചു. ഈ വെല്ലുവിളി തീവ്രവാദികളുടെയും അവരുടെ സ്പോൺസർമാരുടെയും വിനാശത്തിലേക്ക് നയിച്ചു. അതിർത്തിയിൽനിന്ന് 100 കിലോമീറ്ററിലേറെ ഉള്ളിൽ പാകിസ്താനിലെ ഭീകര ക്യാമ്പുകൾ തകർത്തു. ഓപറേഷൻ സിന്ദൂർ ഇന്ത്യയുടെ ചരിത്രത്തിൽ ഭീകരതക്കെതിരായ ഏറ്റവും വിജയകരമായ ദൗത്യമാണ്.
ഭീകരതക്കെതിരായ പോരാട്ടം തുടരും. അത്തരം ആക്രമണങ്ങൾ സഹിച്ചിരിക്കില്ല. ഭീകരരെ അവരുടെ താവളങ്ങളിൽ പോയി ആക്രമിക്കും. ഭീകരരെ സഹായിക്കുന്നവർക്കും തക്കതായ മറുപടി നൽകും. ഇന്ത്യയുടെ പെൺമക്കളുടെ കരുത്ത് സേനയിലൂടെയും ഇന്ന് ലോകം കാണുന്നു. ബി.എസ്.എഫിലെ വനിതാ വിങ്, ഓപറേഷൻ സിന്ദൂറിന്‍റെ സമയത്ത് നമ്മുടെ അതിർത്തി കാക്കുകയും ഭീകരർക്ക് തക്ക മറുപടി നൽകുകയും ചെയ്തു. ഓപറേഷൻ സിന്ദൂർ ഇപ്പോൾ ധീരതയുടെ പ്രതീകമായി മാറിയിരിക്കുന്നു” -പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രിൽ 22നാണ് കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ ഭീകരർ വെടിയുതിർത്ത് കൊന്നത്. ഇതിന് മറുപടിയായി മേയ് ഏഴിന് പുലർച്ചെ ഇന്ത്യൻ സേന പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്ത ദൗത്യമാണ് ഓപറേഷൻ സിന്ദൂർ. ഒമ്പത് ഭീകര കേന്ദ്രങ്ങളിലായി നൂറിലേറെ ഭീകരരെയാണ് സേന വധിച്ചത്. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ നാലു ദിവസം നീണ്ടുനിന്ന സംഘർഷവും അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

