ന്യൂഡൽഹി: പാക് അധീന കശ്മീരിൽ തീവ്രവാദികളുടെ സംഘങ്ങൾ തമ്പടിച്ചിരിക്കുന്നതായി ഇന്ത്യൻ സൈന്യം. കശ്മീരിലെ പർവ ത പ്രദേശങ്ങളിൽ മഞ്ഞു വീഴ്ച ശക്തമാകുന്നതിന് മുമ്പ് അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറാനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുണ്ട്. സൗത്ത് കശ്മീരിലെ കുൽഗാമിൽ ജയ്ഷെ മുഹമ്മദ് ഭീകരരെ കൊലപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
2003ലെ വെടിനിർത്തൽ കരാർ പൂർണമായും നടപ്പാക്കാൻ ഇരു രാജ്യങ്ങളും മെയ് മാസം തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ തീരുമാനം വന്നതിനു ശേഷം ഏഴു നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയതായും 23 തീവ്രവാദികളെ കൊലപ്പെടുത്തിയതായും സൈന്യം പ്രസ്താവനയിൽ അറിയിച്ചു. തീവ്രവാദികളെ അതിർത്തി കടക്കാൻ സഹായിക്കുന്നത് പാക് സൈന്യമാണെന്നും ഇന്ത്യൻ സേന ആരോപിക്കുന്നു.
അതിർത്തിയിൽ പാകിസ്താെൻറ ഭാഗത്തു നിന്നും പലതവണ വെടിനിർത്തൽ കരാർ ലംഘനമുണ്ടായെന്നും ആ സാഹചര്യങ്ങളിൽ ഇന്ത്യ സംയമനം പാലിച്ചുവെന്നും സേന പ്രസ്താവനയിൽ പറയുന്നു. തീവ്രവാദികളെ അതിർത്തി കടത്തി വിടുന്ന പാക് സൈന്യത്തിെൻറ നടപടി അവസാനിപ്പിക്കണം. നിയന്ത്രണ രേഖയുടെ മൂന്നു കിലോമീറ്റർ പരിധിയിൽ താവളങ്ങളുണ്ടാക്കി തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും സൈന്യം പറയുന്നു.
ഞായറാഴ്ച ജമ്മു കശ്മീരിലെ സുന്ദർബനി മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ മൂന്ന് സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു. കൂടുതൽ ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന സംശയത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, പാകിസ്താൻ കൂടുതൽ ആയുധങ്ങൾ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം കശ്മീരിലെ ഹിസ്ബുൽ മുജാഹിദ്ദീൻ തലവൻ റിയാസ് നയ്കൂ പുറത്തുവിട്ടു. കശ്മീരിനെ തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കാൻ മാത്രമാണ് പാക് നേതാക്കൾ ഉദ്ദേശിക്കുന്നതെന്നും സംഘടനക്ക് കൂടുതൽ ആയുധങ്ങളും ഫണ്ടും നേതാക്കൾ അനുവദിക്കണമെന്നും ഹിസ്ബുൽ കമാൻഡർ ആവശ്യപ്പെട്ടിരുന്നു.