‘സിവിൽ സമൂഹത്തിൽ ഭീകരതക്ക് സ്ഥാനമില്ല’: ചെങ്കോട്ട സ്ഫോടനത്തെ അപലപിച്ച് ഷാഹി ഇമാം
text_fieldsന്യൂഡൽഹി: സിവിൽ സമൂഹത്തിൽ ഭീകരതക്ക് സ്ഥാനമില്ല എന്ന് ഡൽഹി ജുമാ മസ്ജിദ് ഷാഹി ഇമാം അഹമ്മദ് ബുഖാരി. ചെങ്കോട്ട സ്ഫോടനത്തെ ‘വെറുപ്പുളവാക്കുന്ന ഭീകരാക്രമണം’ എന്നും അദ്ദേഹം അപലപിച്ചു.
ജുമാ മസ്ജിദ് പുറത്തിറക്കിയ പ്രസ്താവനയിൽ, സർക്കാറിനോട് നിർണായകമായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം ഭീകരതയുടെ ഭീഷണിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാനും പരാജയപ്പെടുത്താനും കഴിയുമെന്നും പറഞ്ഞു.
ദേശസ്‌നേഹത്തിന്റെ ആത്മാവിൽ നിറഞ്ഞുനിൽക്കുന്ന മുസ്‍ലിം സമൂഹം, ഈയം കൊണ്ട് ഉറപ്പിച്ച ഒരു മതിൽ പോലെ തങ്ങളുടെ സ്വദേശ ഇന്ത്യക്കാരോടൊപ്പം ഈ നിർണായക നിമിഷത്തിൽ നിലകൊള്ളുന്നുവെന്നും അറിയിച്ചു.
ഇരകളുടെ കുടുംബങ്ങളോട് ബുഖാരി ആഴത്തിലുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ‘അവരുടെ ദുഃഖം നമ്മുടെയെല്ലാം ദുഃഖമാണ്. കാരുണ്യത്തിന്റെ അചഞ്ചലമായ അടിത്തറയിൽ ഞങ്ങൾ അവരോടൊപ്പം നിൽക്കുന്നുവെന്നും’ അദ്ദേഹം പറഞ്ഞു.
നീതി ഉറപ്പാക്കാൻ അദ്ദേഹം അധികാരികളോട് അഭ്യർഥിച്ചു. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന ഏതൊരു നടപടിയും നീതിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ പ്രശസ്തമായ ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

