ഭീകരതകൊണ്ട് ഇന്ത്യയെ തകർക്കാനാകില്ല -തരൂർ
text_fieldsന്യൂഡൽഹി: ഭീകരതകൊണ്ട് ഇന്ത്യയെ തകർക്കാനാകില്ലെന്ന സന്ദേശം ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുള്ള സന്ദേശവുമായാണ് തങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നതെന്ന് കോൺഗ്രസ് എം.പി ശശി തരൂർ.
തരൂരിന്റെ നേതൃത്വത്തിലുള്ള ബഹുകക്ഷി സംഘം ഗയാന, പാനമ, കൊളംബിയ, ബ്രസീൽ, യു.എസ് എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. യാത്രതിരിക്കുന്നതിന് തൊട്ടുമുമ്പാണ് തരൂർ ‘എക്സി’ൽ ദൗത്യം വിശദീകരിച്ചത്. ഏറ്റവും ക്രൂരമായ ഭീകരാക്രമണമാണ് രാജ്യം നേരിട്ടത്. അത് വ്യക്തതയോടെ ലോകത്തോട് പറയണം. സത്യത്തിനുമേൽ നിഷ്ക്രിയത്വം വിജയം നേടുന്ന അവസ്ഥയുണ്ടാകരുത്. ഇത് സമാധാന ദൗത്യമാണ്. പ്രതീക്ഷയുടെ ദൗത്യമാണ്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. വെറുപ്പിനും കൊലക്കുമല്ല. തരൂർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
എൽ.ജെ.പി -ആർ.വിയിലെ ശാംഭവി, ജെ.എം.എമ്മിലെ സർഫറാസ് അഹ്മദ്, ടി.ഡി.പിയിലെ ബാലയോഗി, ബി.ജെ.പിയിലെ ശശാങ്ക് മണി ത്രിപാഠി, ഭുബനേശ്വർ കലിത, തേജസ്വി സൂര്യ, ശിവസേനയിലെ മിലിന്ദ് ദേവ്റ, മുൻ നയതന്ത്രജ്ഞൻ തരൻജിത് സന്ധു എന്നിവരാണ് സംഘത്തിലുള്ളത്.
പാകിസ്താന് ഭീകരതയുമായുള്ള ബന്ധം വ്യക്തമാക്കുകയാണ് സംഘങ്ങളുടെ ലക്ഷ്യം. ഓപറേഷൻ സിന്ദൂറിലേക്ക് നയിച്ച സാഹചര്യം, യു.എസിനെ പിടിച്ചുലച്ച 9/11 ആക്രമണത്തിലുൾപ്പെടെ അൽ ഖാഇദ പോലുള്ള ഭീകര സംഘടനകൾക്ക് പാകിസ്താനുമായുള്ള ബന്ധം തുടങ്ങിയവ ഇവർ വിശദീകരിക്കും.
ഖത്തർ ഉൾപ്പെടെ നാലു രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കുന്ന എൻ.സി.പി (എസ്.പി) വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയും ഇതേ നിലപാട് വ്യക്തമാക്കി. ഖത്തറിന് പുറമെ, ദക്ഷിണാഫ്രിക്ക, ഇത്യോപ്യ, ഈജിപ്ത് എന്നിവിടങ്ങളാണ് സുലെയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നത്. ഇതിൽ വി.മുരളീധരൻ ഉൾപ്പെടെയുള്ളവരാണ് അംഗങ്ങൾ. ഭീകരത വിരുദ്ധ നീക്കത്തിലും പഹൽഗാം ആക്രമണത്തിനെതിരായ രാജ്യത്തിന്റെ വികാരത്തിലും രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്ന് സുലെ പറഞ്ഞു.
ഭീകരത ഭ്രാന്തൻ നായാണെങ്കിൽ പാകിസ്താൻ അതിനെ മേയ്ക്കുന്നവരാണെന്ന് ജപ്പാനിലേക്കുപോയ സർവകക്ഷി സംഘത്തിലെ അംഗമായ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി പറഞ്ഞു.
അവരെ കൈകാര്യം ചെയ്യാനായി നാം ലോകത്തെ ഐക്യപ്പെടുത്തണം. അല്ലാത്ത പക്ഷം അവർ കൂടുതൽ ഭ്രാന്തൻ നായ്ക്കളെ പടച്ചുവിടും-അഭിഷേക് ടോക്യോയിൽ പറഞ്ഞു. പ്രതിനിധി സംഘം ജപ്പാനിലെ ഇന്ത്യക്കാരുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

