വിവാഹിതയായതിന്റെ പേരിൽ സ്ത്രീയെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നത് അസമത്വമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാഹിതയായതിന്റെ പേരിൽ സ്ത്രീയെ തൊഴിലിൽ നിന്നും പിരിച്ചുവിടുന്നത് ലിംഗ വിവേചനവും അസമത്വവുമാണെന്ന് സുപ്രീംകോടതി. മുൻ മിലിട്ടറി നഴ്സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാറിനോട് നിർദേശിച്ച് പുറപ്പെടുവിച്ച വിധിയിലാണ് സുപ്രീംകോടതി പരാമർശം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത് എന്നിവരുൾപ്പെട്ട ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
സലീന ജോൺ എന്ന മിലിട്ടറി നഴ്സിങ് സർവീസിലെ ജീവനക്കാരിയാണ് ഹരജി നൽകിയത്. ഇവരെ 1988 ആഗസ്റ്റിലാണ് സൈന്യത്തിൽ നിന്നും പുറത്താക്കിയത്. വിവാഹിതയായതിനാൽ ഇവരെ ജോലിയിൽ നിന്നും പുറത്താക്കുന്നുവെന്നാണ് സൈന്യം അറിയിച്ചത്.
1977ൽ രൂപീകരിച്ച മിലിട്ടറി നഴ്സിങ് ചട്ടപ്രകാരമായിരുന്നു ഇവരുടെ പുറത്താക്കൽ. പിന്നീട് 1995ൽ ഈ ചട്ടങ്ങളിലെ വ്യവസ്ഥ പിൻവലിക്കുകയും ചെയ്തു. 2016 മാർച്ചിൽ ജോണിനെ തിരിച്ചെടുക്കാൻ ലഖ്നോയിലെ ആംഡ് ഫോഴ്സ് ട്രിബ്യൂണൽ ഉത്തരവിട്ടു. എന്നാൽ, ആഗസ്റ്റിൽ ഉത്തരവിനെതിരെ കേന്ദ്രസർക്കാർ അപ്പീൽ പോയി. ഇത് തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയിൽ നിന്നും നിർണായക ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. ഇത്തരം പുരുഷാധിപത്യ നിയമങ്ങൾ മനുഷ്യന്റെ അന്തസിന് കോട്ടമുണ്ടാക്കുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ലിംഗവിവേചനം പ്രോൽസാഹിപ്പിക്കുന്ന ഒരു നിയമവും ഉണ്ടാവരുത്. സ്ത്രീ ജീവനക്കാരുടെ വിവാഹവും കുടുംബത്തിലുളള പങ്കാളിത്തവും വിവേചനത്തിനുള്ള കാരണമാവാൻ പാടില്ല. ആംഡ് ഫോഴ്സ് ട്രിബ്യൂണലിന്റെ ഉത്തരവിൽ ചില ഭേദഗതികൾ വരുത്തിയാണ് നഴ്സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം സുപ്രീംകോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

