
ടെന്നീസ് താരം ലിയാൻഡർ പേസ് തൃണമൂൽ കോൺഗ്രസിൽ
text_fieldsപനാജി: ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് തൃണമൂൽ കോൺഗ്രസിൽ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ സന്ദർശനത്തിലാണ് പേസ് തൃണമൂലിൽ ചേർന്നത്.
പേസ് തൃണമൂലിലെത്തുന്ന വിവരം മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ ഇളയ സഹോദരനെപ്പോലെയാണ് പേസെന്നും മമത പറഞ്ഞു.
മമതയുടെ ഗോവ സന്ദർശത്തിനിടെ സിനിമ താരം നഫീസ അലി തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രമുഖരെ പാർട്ടിയിൽ അണിനിരത്തുന്നത്.
വ്യാഴാഴ്ച വൈകിട്ട് മമത ബാനർജി ഗോവയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയം മനസിലാക്കുകയാണ് മമതയുടെ സന്ദർശന ലക്ഷ്യം.
മൂന്നുദിവസമാണ് മമതയുടെ ഗോവ സന്ദർശനം. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ ഗോവയിലെത്തിയ മുഖ്യമന്ത്രിയെ തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ, മറ്റു പ്രമുഖ നേതാക്കൾ തുടങ്ങിയവർ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് സമുദായ പ്രതിനിധികളുമായി മമത കൂടിക്കാഴ്ച നടത്തും.
ബംഗാളിൽ നേടിയ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗോവയും ത്രിപുരയും പിടിച്ചെടുക്കുകയാണ് തൃണമൂലിന്റെ അടുത്ത ലക്ഷ്യം.
