ഉത്തർപ്രദേശിൽ തിമിര ശസ്ത്രക്രിയക്ക് വിധേയരായ പത്ത് പേരുടെ കാഴ്ച നഷ്ടപ്പെട്ടു
text_fieldsഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയക്ക് വിധേയരായ പത്ത് പേരുടെ കാഴ്ച നഷ്ടപ്പെട്ടു. ശസ്ത്രക്രിയക്ക് ശേഷം രോഗികൾക്ക് അണുബാധയുണ്ടായതായും ഇത് കാഴ്ചശക്തി നഷ്ടപ്പെടാൻ കാരണമായതായും വൃത്തങ്ങൾ അറിയിച്ചു.
തിമിര ശസ്ത്രക്രിയക്ക് വിധേയരായ മറ്റ് അഞ്ച് പേർ ഗുരുതരമായ അണുബാധ കാരണം വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയുമാണ്. ഈ മാസം ആദ്യം സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച നേത്ര കാമ്പിൽ ജില്ലയിലെ സിക്രിഗഞ്ച് പ്രദേശത്തെ 30ഓളം രോഗികളാണ് തിമിര ശസ്ത്രക്രിയക്ക് വിധേയരായത്.
ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം പലർക്കും കണ്ണുകളിൽ കടുത്ത വേദനയും വീക്കവും അനുഭവപ്പെട്ടു. തുടർന്ന് അവർ ആശുപത്രിയിലേക്ക് എത്തി. പിന്നീട് അവരുടെ നില വഷളായതിനെത്തുടർന്ന് ലഖ്‌നോ, വാരണാസി, ഡൽഹി എന്നിവിടങ്ങളിലെ സൂപ്പർ സ്പെഷ്യാലിറ്റി സെന്ററുകളിലേക്ക് മാറ്റി. ഇതുവരെ പത്ത് പേരുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി ഗോരഖ്പൂരിലെ ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ശസ്ത്രക്രിയകൾ നടന്ന ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്റർ ഉദ്യോഗസ്ഥർ സീൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം നടത്തി പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഡോക്ടർമാരുടെ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഗോരഖ്പൂർ ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

