താരപ്രചാരകർ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശം ഒഴിവാക്കണം; ബി.ജെ.പിക്കും കോൺഗ്രസിനും കത്തയച്ച് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താരപ്രചാരകർ നടത്തുന്ന വർഗീയ, വിവാദ പ്രസ്താവനകൾ നിയന്ത്രിക്കണമെന്നും പെരുമാറ്റച്ചട്ടം പാലിക്കണമെന്നും നിർദേശം നൽകി ഭരണകക്ഷിയായ ബി.ജെ.പിക്കും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനും തെരഞ്ഞെടുപ്പ് കമീഷൻ കത്ത് നൽകി. തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പാർട്ടികൾക്ക് വിജയിക്കാനുള്ള മത്സരം മാത്രമുള്ളതല്ല, തങ്ങളെ ഏറ്റവും നല്ല മാതൃകയായി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണ്. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പാരമ്പര്യം ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും അയച്ച കത്തിൽ കമീഷൻ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‍ലിം വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നൽകിയ പരാതിയിലും അഗ്നിവീർ വിഷയത്തിലും ഭരണഘടന തിരുത്തി എഴുതുമെന്ന പ്രചാരണത്തിലും രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി നൽകിയ പരാതിയിലുമാണ് കമീഷൻ ഇരു പാർട്ടികൾക്കും വ്യത്യസ്ത കത്ത് നൽകിയത്.
പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതും മതവും ജാതിയും പറഞ്ഞ് വേർതിരിക്കുന്നതുമായ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ബി.ജെ.പി അധ്യക്ഷന് അയച്ച കത്തിൽ കമീഷൻ പ്രത്യേകം നിർദേശം നൽകി. താരപ്രചാരകർ വർഗീയ പ്രചാരണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. രാജ്യത്തിന്റെ സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകൾ തെരഞ്ഞെടുപ്പിന്റെ പേരിൽ അപകടത്തിലാക്കാനാകില്ല. മതവും വർഗീയ പരാമർശങ്ങളും ഒഴിവാക്കണം. നോട്ടീസ് അയച്ചിട്ടും ബി.ജെ.പി താരപ്രചാരകർ വർഗീയ പ്രചാരണം തുടർന്നുവെന്നും കത്തിൽ കമീഷൻ വ്യക്തമാക്കി.
അഗ്നിവീര്‍ പദ്ധതിയെക്കുറിച്ചുള്ള പ്രചാരണം ചൂണ്ടിക്കാട്ടി സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും ഖാർഗെക്ക് അയച്ച കത്തിൽ കമീഷൻ ആവശ്യപ്പെട്ടു. ബി.ജെ.പി ഭരണത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്ന പരാമർശങ്ങൾ കോൺഗ്രസ് ഒഴിവാക്കണം. മോദിയുടെയും രാഹുൽ ഗാന്ധിയുടെയും പേരുകൾ പരാമർശിക്കാതെയാണ് കമീഷൻ നിർദേശം. ബി.ജെ.പിയും കോൺഗ്രസും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കമീഷൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

