'വോട്ടിന് വേണ്ടി എന്തും ചെയ്യും, സ്റ്റേജിൽ ഡാൻസ് ചെയ്യാൻ പറഞ്ഞാൽ അതും ചെയ്യും' മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
text_fieldsപട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടിന് വേണ്ടി മോദി എന്തും ചെയ്യുമെന്നും ആവശ്യപ്പെട്ടാൽ അദ്ദേഹം വേദിയിൽ ഡാൻസ് കളിക്കുമെന്നും രാഹുൽ പരിഹസിച്ചു. മുസഫർപൂരിൽ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ആർ.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവും റാലിയിൽ പങ്കെടുത്തു. ആർ.ജെ.ഡി അടങ്ങുന്ന ഇന്ത്യാസഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് കാമ്പയിനിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. ബി.ജെ.പിയും എൻ.ഡി.എയും സാമൂഹ്യനീതിക്ക് എതിരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടുകൾ മോഷ്ടിക്കുകയും ചെയ്തവർ ബിഹാറിലും അത് ചെയ്യാൻ ശ്രമിക്കും. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാരിനെ ബി.ജെ.പി റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.
വോട്ടർ പട്ടിക പരിഷ്‌കരണത്തിലൂടെ 66 ലക്ഷം ആളുകളെയാണ് വെട്ടിമാറ്റിയത്. ബിഹാർ ജനതയുടെ ശബ്ദമാകുന്ന ഒരു സർക്കാർ രൂപീകരിക്കപ്പെടാതിരിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇതാണ് എസ്.ഐ.ആർ ലക്ഷ്യമിടുന്നത്.
രാജ്യത്തെ പാവപ്പെട്ടവർക്ക് ലഭിച്ച എല്ലാ അവകാശങ്ങൾക്കും കാരണം ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടനയെ തകർക്കാനാണ് പ്രധാനമന്ത്രിയും ആർ.എസ്.എസും ശ്രമിക്കുന്നത്. ബിഹാറിലെ യുവാക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി മഹാസഖ്യം നിലകൊള്ളും. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എല്ലാ മത, ജാതി, വർഗ വിഭാഗത്തിൽപ്പെട്ടവരെയും ഉൾക്കൊള്ളുന്ന സർക്കാരാണ് മഹാസഖ്യം രൂപീകരിക്കുക. ഒരാളെയും തങ്ങൾ ഒഴിവാക്കില്ലെന്ന് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെ തകർത്തുവെന്ന് രാഹുൽ പറഞ്ഞു.
ചൈനയിൽ നിർമിച്ച ഫോണുകളാണ് ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്നത്. ഇനി എല്ലാ ബിഹാറിൽ നിർമിക്കുന്നതാവണം. മൊബൈലുകൾ, ഷർട്ടുകൾ, പാന്റുകൾ എല്ലാം...അങ്ങനെ ബിഹാറിലെ യുവാക്കൾക്ക് ജോലി ലഭിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, ഇത് 'ഒരു പ്രാദേശിക ഗുണ്ട'യുടെ വാക്കുകളെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. പ്രധാനമന്ത്രിക്ക് വോട്ട് ചെയ്ത എല്ലാവരെയും രാഹുൽ ഗാന്ധി അപമാനിക്കുകയായിരുന്നുവെന്നും ബി.ജെ.പി പ്രതികരിച്ചു.
ഈ പരാമർശങ്ങൾ ഇന്ത്യൻ വോട്ടർമാരെയും ജനാധിപത്യത്തെയും പരിഹസിസിക്കുന്നതാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

