Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടെലിഗ്രാമിനെ...

ടെലിഗ്രാമിനെ നിരോധിക്കാൻ റിലയൻസും വാട്‌സ്ആപ്പും ഗൂഢാലോചന നടത്തുന്നു -സി.ഇ.ഒ

text_fields
bookmark_border
ടെലിഗ്രാമിനെ നിരോധിക്കാൻ റിലയൻസും വാട്‌സ്ആപ്പും ഗൂഢാലോചന നടത്തുന്നു -സി.ഇ.ഒ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ ടെലിഗ്രാം നിരോധിക്കാൻ റിലയൻസ് ഗ്രൂപ്പും വാട്‌സ്ആപ്പും ചേർന്ന് നീക്കം നടത്തുന്നതായി ടെലിഗ്രാം സി.ഇ.ഒ പവൽ ദുറോവ്. മെറ്റക്ക് ഓഹരി പങ്കാളിത്തമുള്ള റിലയൻസ് ഗ്രൂപ്പിനെതിരെയാണ് ഗുരുതരമായ ആരോപണവുമായി ദുറോവ് രംഗത്തെത്തിയത്.

ഇന്ത്യക്ക് പുറമെ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ടെലിഗ്രാം ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കാൻ റിലയൻസ് ബോധപൂർവം ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‘ബി.ജി.പി ഹൈജാക്കിങ്’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് റിലയൻസ് ടെലിഗ്രാം സേവനം തടസ്സപ്പെടുത്തുന്നതായി ദുറോവ് എക്‌സിലെ കുറിപ്പിൽ പറഞ്ഞു. പലതവണ പരാതിപ്പെട്ടിട്ടും ഇതിൽ തിരുത്തൽ വരുത്താൻ റിലയൻസ് തയാറായിട്ടില്ല.

മെറ്റക്ക് റിലയൻസിലുള്ള ഓഹരി പങ്കാളിത്തം ചൂണ്ടിക്കാട്ടി, ഇതിന് പിന്നിൽ വാട്‌സ്ആപ്പിന്റെ കൂടി താൽപര്യങ്ങളുണ്ടാകാമെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. റിലയൻസിന്റെ അനധികൃത ബി.ജി.പി അനൗൺസ്‌മെന്റുകൾ തള്ളിക്കളയാൻ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരോട് ദുറോവ് അഭ്യർഥിച്ചു.

എന്നാൽ, ദുറോവിന്റെ ആരോപണങ്ങൾ ‘വ്യാജ’മാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ടെലികോം വ്യവസായ വൃത്തങ്ങൾ പ്രതികരിച്ചു. റിലയൻസ് കമ്മ്യൂണിക്കേഷൻസ് , റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് ദുറോവ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടി.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമല്ല റിലയൻസ് കമ്മ്യൂണിക്കേഷൻസ്. മെറ്റക്ക് നിക്ഷേപമുള്ളത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോയിലാണ്. എന്നാൽ ജിയോയുടെ ദൈനംദിന പ്രവർത്തനങ്ങളിലോ മാനേജ്‌മെന്റിലോ മെറ്റക്ക് യാതൊരു പങ്കുമില്ലെന്നും ഇവർ വ്യക്തമാക്കി.

നീറ്റ്-യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട പേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായി ടെലിഗ്രാം ആപ്പ് ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യാൻ ഇന്ത്യൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ജൂൺ 22വരെയാണ് ഈ വിലക്ക്. കൂടാതെ, ജൂൺ 30വരെ ടെലഗ്രാമിലെ ‘മെസ്സേജ് എഡിറ്റിങ്’ ഫീച്ചർ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ പേപ്പർ ചോർച്ച തെളിവുകൾ നിർമിക്കാൻ ഈ ഫീച്ചർ ദുരുപയോഗം ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണിത്.

മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ പേപ്പർ ചോർച്ചയുണ്ടായെന്ന ആരോപണത്തെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് ജൂൺ 21ന് വീണ്ടും പരീക്ഷ നടത്താൻ നാഷനൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചത്.

അതേസമയം, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാജ ചോദ്യപേപ്പർ വാഗ്ദാനം ചെയ്തും പരീക്ഷാ ഫീസ് റീഫണ്ട് തട്ടിയെടുത്തും പ്രവർത്തിച്ചു വന്ന മൂന്നുപേരെ അഹ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെ കബളിപ്പിച്ചതിന് രാജസ്ഥാനിലെ കോട്ടയിൽനിന്ന് രണ്ടുപേരെയും, വിദ്യാർഥികളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഫീസ് റീഫണ്ട് തട്ടിയെടുത്തതിന് ബിഹാർ സ്വദേശിയായ ഒരാളെയുമാണ് പിടികൂടിയത്.

‘പ്രൈവറ്റ് മാഫിയ’ എന്ന പേരിൽ എട്ട് ടെലഗ്രാം ചാനലുകൾ തുടങ്ങി നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ കൈവശമുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയായിരുന്നു തട്ടിപ്പ്. ജയ്പൂർ സ്വദേശി സുമേർ സിംഗ് മീന, കോട്ട സ്വദേശി ആകാശ് മീന എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്.

ഇവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ഏകദേശം 1.5 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പുകളും ഇവർ നടത്തിവരികയായിരുന്നു.

രണ്ടാമത്തെ കേസിൽ, ബിഹാറിലെ ഗയ സ്വദേശിയായ നവീൻ യാദവാണ് അറസ്റ്റിലായത്. മേയ് മൂന്നിന് നടത്താനിരുന്ന നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പരീക്ഷാ ഫീസ് റീഫണ്ട് തട്ടിയെടുക്കാനാണ് ഇയാൾ ശ്രമിച്ചത്. ദുർബലമായ പാസ്‌വേഡുകൾ ഉപയോഗിച്ച് വിദ്യാർഥികളുടെ നീറ്റ് പോർട്ടൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:relianceWhatsAppTelegram banTelegram CEO Pavel Durov
News Summary - Telegram CEO Pavel Durov Alleges Reliance, WhatsApp Conspiring to Ban Telegram in India
Next Story