വിദ്വേഷ പ്രസംഗത്തിനെതിരെ തെലങ്കാനയും നിയമം കൊണ്ടുവരുന്നു, ബജറ്റ് സെഷനിൽ ബിൽ അവതരിപ്പിക്കും
text_fieldsഹൈദരാബാദ്: കർണാടക മോഡലിൽ വിദ്വേഷ പ്രസംഗത്തിനെതിരെ തെലങ്കാനയും നിയമം കൊണ്ടുവരുന്നു. മതങ്ങളെ അധിക്ഷേപിക്കുകയും വിദ്വേഷ പ്രസംഗം തടത്തുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാവുന്ന തരത്തിൽ നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. നിയമസഭയുടെ വരുന്ന ബജറ്റ് സെഷനിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈദരാബാദിൽ സർക്കാർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടികളിൽ സംസാരിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ഉന്നമനം ഉറപ്പാക്കാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും നിലവിലെ ശ്മശാന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ മാസം തെലങ്കാനയെ സംബന്ധിച്ചെടുത്തോളം ‘അത്ഭുത മാസമാണ്’. കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് സോണിയ ഗാന്ധിയുടെ ജന്മദിനവും തെലങ്കാനക്ക് സംസ്ഥാന പദവി അനുവദിച്ചതും ഡിസംബറിലാണെന്നും റെഡ്ഡി വ്യക്തമാക്കി.
മുഖ്യമന്ത്രി സംസാരിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി ബി.ജെ.പിയും ബി.ആർ.എസും രംഗത്തുവന്നു. കഴിഞ്ഞദിവസമാണ് വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ബിൽ കർണാടക പാസാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ബില്‍ പാസാക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴ് വർഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കും. ബി.ജെ.പി എം.എൽ.എമാരുടെ ബഹളത്തിനിടെയാണ് ബിൽ പാസാക്കിയത്. സുപ്രീംകോടതിയുടെ നേരത്തെയുള്ള നിർദേശ പ്രകാരമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി.
ഡിസംബർ നാലിന് മന്ത്രിസഭ അംഗീകരിച്ച ബിൽ ഡിസംബർ 10ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര സഭയിൽ അവതരിപ്പിച്ചു. ഈ നിയമപ്രകാരം ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ ഏതെങ്കിലും വ്യക്തിക്കെതിരെയോ ഒരു സമുദായത്തിനെതിരെയോ ഒരു വര്‍ഗത്തിനെതിരെയോ ഒരു കൂട്ടം ആളുകള്‍ക്കെതിരെയോ വെറുപ്പ്, വൈരാഗ്യം, വിദ്വേഷം, ശത്രുത എന്നിവ സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ വാക്കുകളിലൂടെയോ (സംസാരവും എഴുത്തും) അടയാളങ്ങളിലൂടെയോ ദൃശ്യ പ്രതിനിധാനങ്ങളിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിദ്വേഷ പ്രസംഗമാണ്.
മാധ്യമ പ്ലാറ്റ്‌ഫോമുകളിൽനിന്ന് വിദ്വേഷ പ്രസംഗ ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവിടാൻ ബിൽ സർക്കാറിന് അധികാരം നൽകുന്നു. വാക്കാലുള്ളതോ, അച്ചടിച്ചതോ, പൊതുവായതോ അല്ലെങ്കിൽ ഇലക്ട്രോണിക് മാർഗങ്ങളിലൂടെയോ പൊതുജനങ്ങളുടെ മുന്നിൽ നടത്തുന്ന ആശയവിനിമയവും ബിൽ ഉൾക്കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

