പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിയത് 27 തവണ; അന്വേഷണത്തിൽ വഴിത്തിരിവായി ബാബു വിളി
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പൽ കൊല്ലപ്പെട്ട കേസിൽ രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാഗാർജുന സ്കൂളിലെ പ്രിൻസിപ്പലായിരുന്ന രൂപ റെഡ്ഡിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കൊണ്ടാമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡിയുടെ ശരീരത്തിൽ 27 കുത്തുകളേറ്റിരുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള ഫോൺ കോളിൽ രൂപ 'ബാബു' എന്ന് വിളിക്കുന്നത് കേട്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഓഗസ്റ്റ് 12 നാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. രണ്ട് വിദ്യാർത്ഥികൾ പണത്തിനും ആർഭാട ജീവിതത്തിനുമായാണ് കൃത്യം നടപ്പാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഹൈദരാബാദിലായിരുന്ന ഭർത്താവ് വിളിച്ചിട്ടും പ്രിൻസിപ്പൽ ഫോൺ എടുക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂളിലെ ഫീസ് പിരിച്ചുകിട്ടിയ പണം പ്രിൻസിപ്പലിന്റെ വീട്ടിലുണ്ടാകുമെന്ന് കരുതിയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മാസ്ക് ധരിച്ചെത്തിയ ഇവർ വീട്ടിൽ അതിക്രമിച്ചു കയറി പ്രിൻസിപ്പലിനെ ആക്രമിച്ചു. ആക്രമണത്തിനിടെ ഒരാളുടെ മാസ്ക് അഴിഞ്ഞുപോവുകയും രൂപ റെഡ്ഡി അവനെ തിരിച്ചറിയുകയും ചെയ്തു. ഇതോടെ പ്രതികൾ രൂപയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പണവും മൊബൈൽ ഫോണുമായി ഇവർ കടന്നുകളഞ്ഞു. 27 തവണയാണ് അക്രമികൾ രൂപയെ കുത്തിയത്.
മരണത്തിന് തൊട്ടുമുമ്പ് തന്റെ അമ്മായിയുമായി രൂപ സംസാരിച്ചിരുന്നു. സംഭാഷണത്തിനിടെ അവർ ആരോടെന്നില്ലാതെ ‘ബാബു’ എന്ന് വിളിക്കുന്നത് കേട്ടിരുന്നു. ഇതാണ് പൊലീസിന് തുമ്പായത്. സ്കൂളിലെ വിദ്യാർഥികളെ രൂപ പതിവായി ബാബു എന്നാണ് വിളിച്ചിരുന്നത്. ഇതോടെ രൂപക്ക് പരിചയമുള്ള വിദ്യാർഥികളാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് തിരിച്ചറിഞ്ഞു.
സ്കൂൾ വീണ്ടും തുറന്നപ്പോൾ ഹാജരാകാതിരുന്ന 13 വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പത്താം ക്ലാസിലെ അഞ്ച് വിദ്യാർഥികളിൽ ചിലരുടെ അസ്വാഭാവികമായ പെരുമാറ്റം പൊലീസിൽ സംശയമുണർത്തി. കൂടാതെ രൂപയുടെ വീടിനും പരിസരത്തെയും ഏകദേശം 70 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
സംശയം തോന്നിയ ഒരു വിദ്യാർഥിയുടെ പക്കൽ നിന്ന് 1.54 ലക്ഷം രൂപ പൊലീസ് കണ്ടെത്തി. ഇത് മാതാപിതാക്കൾ നൽകിയതാണെന്ന് പറഞ്ഞെങ്കിലും, കറൻസി നോട്ടുകളിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ ഈ രക്തം കൊല്ലപ്പെട്ട രൂപയുടേതാണെന്ന് സ്ഥിരീകരിച്ചു.
പ്രതികളിൽ ഒരാൾ നേരത്തെ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്നു. എന്നാൽ കുട്ടിയുടെ ബാഗിൽ നിന്ന് പണവും ഫോണും കണ്ടെത്തിയതിനെത്തുടർന്ന് പ്രിൻസിപ്പൽ ഇയാളെ ശാസിക്കുകയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. മോഷണവും പ്രതികളുടെ ലക്ഷ്യമായിരുന്നു. കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് പ്രിൻസിപ്പലിന്റെ വീട് ഇവർ നിരീക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട പണവും ഐഫോണും പ്രിൻസിപ്പലിന്റെ മൊബൈൽ ഫോണും പൊലീസ് വീണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

