ഹൈദരാബാദിൽ നാടകീയ രംഗങ്ങൾ; ശർമിള റെഡ്ഡിയുടെ കാർ കെട്ടിവലിച്ച് പൊലീസ് -VIDEO
text_fieldsഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആർ.ടി.പി നേതാവുമായ വൈ.എസ്. ശർമിളയുടെ കാർ കെട്ടിവലിച്ച് തെലങ്കാന പൊലീസ്. ശർമിള വാഹനത്തിലിരിക്കെയാണ് ക്രെയിൻ ഉപയോഗിച്ച് കാർ കൊണ്ടുപോയത്.
വെ.എസ്.ആർ തെലങ്കാന പാർട്ടി അധ്യക്ഷയായ ശർമിളയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് വിട്ടിരുന്നു. ടി.ആർ.എസ് പ്രവർത്തകർ ശർമിളക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ടി.ആർ.എസ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന കാറുകളിലൊന്നുമായി ഇന്ന് ശർമിള മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധിക്കാൻ എത്തുകയായിരുന്നു. തുടർന്നാണ് വാഹനം പൊലീസ് തടഞ്ഞത്. എന്നാൽ പുറത്തിറങ്ങാൻ പിന്തിരിയാനോ ശർമിളയും ഒപ്പമുണ്ടായിരുന്നവരും തയാറായില്ല. തുടർന്നാണ് ക്രെയിൻ ഉപയോഗിച്ച് കെട്ടി വലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
ശർമിളയുടെ വാഹനത്തിന് നേരെ ഇന്നലെ ആക്രമണമുണ്ടായതിന് പിന്നാലെ ഭരണകക്ഷിയായ ടി.ആർ.എസിന്‍റെ എം.എൽ.എ പി. സുദർശനെതിരെ ആക്ഷേപപരമായ പരാമർശങ്ങൾ നടത്തിയതിന് ശർമിളയെ കസ്റ്റഡിയിലെടുത്ത് വിട്ടിരുന്നു.
വെ.എസ്.ആർ തെലങ്കാന പാർട്ടി നേതൃത്വത്തിൽ സംസ്ഥാനത്ത് പദയാത്ര നടത്തുകയാണ് ശർമിള. ടി.ആർ.എസിനെതിരെ വ്യാപക വിമർശനമുന്നയിച്ചാണ് പദയാത്ര. സംസ്ഥാനത്തെ 75 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുവന്ന പദയാത്ര 3500 കിലോമീറ്റർ പിന്നിട്ടു. വർധിച്ചുവരുന്ന ജനപ്രീതി മുഖ്യമന്ത്രി കെ.സി.ആറിനെയും അദ്ദേഹത്തിന്റെ പാർട്ടിക്കാരെയും ഞെട്ടിച്ചുവെന്നും അതിനാലാണ് എന്ത് വില കൊടുത്തും അവർ എന്നെ തടയാൻ ശ്രമിക്കുന്നതെന്നും ശർമിള ഇന്നലെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

