'ബി.ജെ.പിയിൽ ചേർന്നാൽ 100 കോടി, അല്ലെങ്കിൽ ഇ.ഡി'; ഓപറേഷൻ താമരയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: ബി.ജെ.പിയിലേക്ക് കൂറുമാറാൻ ടി.ആർ.എസ് എം.എൽ.എ പൈലറ്റ് രോഹിത് റെഡ്ഢിക്ക് ഇടനിലക്കാർ വാഗ്ദാനം ചെയ്തത് നൂറ് കോടി രൂപ. ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഉപദ്രവിക്കുമെന്ന് ഏജന്റുമാർ ഭീഷണിപ്പെടുത്തിയതായി രോഹിത് റെഡ്ഢി പൊലീസിന് മൊഴി നൽകിയെന്ന് ടി.ആർ.എസ് സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിലെ എഫ്.ഐ.ആർ ഉദ്ധരിച്ച് മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നു.
ബി.ജെ.പിയിൽ ചേർന്നാൽ നൂറു കോടി രൂപ മാത്രമല്ല, കേന്ദ്ര പദ്ധതികളിലെ കരാറുകളും ധനസമ്പാദനത്തിനു പറ്റുന്ന ഉന്നത പദവികളും ലഭിക്കും. കൂറ് മാറിയെത്തുന്ന ഓരോ എം.എൽ.എക്കും 50 കോടി... ഇങ്ങനെ പോകുന്നു ഓപറേഷൻ താമരയിലെ വാഗ്ദാനങ്ങൾ. പണവുമായി എത്തി അറസ്റ്റിലായ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമയാണ് വാഗ്ദാനം മുന്നോട്ടു വെച്ചത്. അടുത്ത തവണ ടി.ആർ.എസ് ടിക്കറ്റിൽ മത്സരിക്കാൻ പാടില്ല, പകരം ബി.ജെ.പിയിൽ ചേരണം. പ്രലോഭനം മാത്രമല്ല ഭീഷണിയുമുണ്ട്. ഇതൊന്നും അനുസരിച്ചില്ലെങ്കിൽ ഇ.ഡിയെയും സി.ബി.ഐയെയും വിടും. ടി.ആർ.എസ് മന്ത്രിസഭയെ മറിച്ചിടും തുടങ്ങിയവയാണ് ഭീഷണികൾ.
ഏജന്റ് രാമചന്ദ്ര ഭാരതി തുഷാർ വെള്ളാപ്പള്ളിയുമായി അപ്പപ്പോൾ ഫോണിൽ സംസാരിച്ചാണ് ഓരോ ഡീലും മുന്നോട്ട് കൊണ്ടുപോയതെന്നു പൊലീസ് ഹൈകോടതിയിൽ നൽകിയ അനുബന്ധ റിപ്പോർട്ടിലും ഉണ്ട്. ഏജന്റുമാരായ രാമചന്ദ്ര ഭാരതി, നന്ദകുമാർ, സിംഹയാജി എന്നിവരെ സ്വന്തം ഫാം ഹൗസിൽ വിളിച്ചു വരുത്തിയാണ് രോഹിത് റെഡ്ഢി പൂട്ടിയത്. ബി.ജെ.പിയിൽ ചേരാൻ തയാറാണെന്നു വിശ്വസിപ്പിച്ച് മൂന്നു ടി.ആർ.എസ് എം.എൽ.എമാരെ കൂടി ഹാളിലേക്ക് വിളിച്ചു വരുത്തി. വീട്ടിലെ സഹായിയോട് 'കരിക്കിൻ വെള്ളം കൊണ്ടുവരൂ' എന്ന് പറഞ്ഞതാണ് കോഡ് വാക്ക്. റെഡ്ഢിയുടെ കുർത്തയുടെ ഇരുവശത്തെ പോക്കറ്റുകളിലും ഓരോ വോയ്സ് റെക്കോർഡർ ഉണ്ടായിരുന്നു. ഒളിപ്പിച്ച ക്യാമറ വേറെയും. ഈ ഓഡിയോ-വിഡിയോ ഫയലുകൾ പൊലീസിന് കൈമാറി. അഴിമതി നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. പരാതി നൽകിയ ശേഷം വധഭീഷണി അടക്കമുള്ള ഫോൺ വിളികളാണ് രോഹിത് റെഡ്ഢിയെ തേടിയെത്തുന്നത്. അറസ്റ്റിലായ രാമചന്ദ്രഭാരതി ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇതിനകം ജാമ്യം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

