പ്രണയവിവാഹം; ദലിത് യുവാവിന്റെ വീട് പെൺകുട്ടിയുടെ ബന്ധുക്കൾ തകർത്തു, അന്വേഷണം
text_fieldsപ്രതീകാത്മക ചിത്രം
ഹൈദരാബാദ്: പ്രണയവിവാഹത്തിന്റെ പേരിൽ പട്ടികജാതിക്കാരനായ യുവാവിന്റെ വീട് പെൺകുട്ടിയുടെ ബന്ധുക്കൾ പൊളിച്ചുനീക്കി. വ്യാഴാഴ്ച വൈകിട്ട് തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാൾ ജില്ലയിലെ റെപ്പള്ളി ഗ്രാമത്തിലാണ് സംഭവം. യുവാവിന്റെ കുടുംബവീട് യുവതിയുടെ ബന്ധുക്കൾ ട്രാക്ടർ ഉപയോഗിച്ച് തകർക്കുകയായിരുന്നു.
റെപ്പള്ളി ഗ്രമവാസികളാണ് ഡ്രൈവറായ യുവാവും കോളജ് വിദ്യാർഥിനിയായ യുവതിയും. ഹൈദരാബാദിൽ താമസിച്ചിരുന്ന ഇരുവരും പ്രണയത്തിലാകുകയും സെപ്റ്റംബർ ഒമ്പതിന് വിവാഹിതരാകുകയും ചെയ്തുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്യജാതിയിൽപ്പെട്ട യുവാവുമായുള്ള വിവാഹത്തിന് പെൺകുട്ടികളുടെ വീട്ടുകാർ എതിർപ്പ് അറിയിച്ചിരുന്നു.
യുവാവിന്റെ കുടുംബം കുറച്ചു മാസങ്ങളായി ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. ഇവരുടെ കുടുംബവീട്ടിൽ ആരും താമസിച്ചിരുന്നില്ല. ഇരുവരുടെയും വിവാഹക്കാര്യം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ വ്യാഴാഴ്ച വൈകിട്ട് യുവാവിന്റെ വീടിന്റെ ഒരു ഭാഗം ട്രാക്ടർ ഉപയോഗിച്ച് പൊളിച്ചുനീക്കുകയായിരുന്നു. വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നതോടെ പൊലീസ് ഇടപെട്ടു. വീട് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ട്രാക്ടർ പിടിച്ചെടുത്തതായും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

