അന്ത്യവിശ്രമത്തിനായി ശവകുടീരം ഒരുക്കിവെച്ച തെലങ്കാന സ്വദേശി മരിച്ചു
text_fieldsഹൈദരാബാദ്: ആരോഗ്യകരമായ ജീവിതം നയിച്ചുകൊണ്ടിരിക്കെ ശവകുടീരം ഒരുക്കി വെച്ച് കാത്തിരുന്ന 80 കാരൻ മരിച്ചു. തെലങ്കാനയിലെ ലക്ഷ്മിപുരം ഗ്രാമത്തിലെ നക്ക ഇന്ദ്രയ്യയാണ് മരിച്ചത്. വർഷങ്ങളായി തനിക്ക് അന്ത്യവിശ്രമത്തിനായി കുഴിമാടമൊരുക്കി കാത്തിരിക്കുകയായിരുന്നു നക്ക ഇന്ദ്രയ്യ. സ്വന്തം കൈകൊണ്ട് നിർമിച്ച കുഴിമാടത്തിൽ തന്നെ മക്കളും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തെ അടക്കി.
മരിച്ചുകഴിഞ്ഞാൽ മക്കൾക്ക് ഭാരമാകരുതെന്ന് കരുതിയാണ് ഇന്ദ്രയ്യ വർഷങ്ങൾക്കുമുമ്പേ അന്ത്യവിശ്രമസ്ഥലം നിർമിച്ചത്. അത് വഴി ദേശീയ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ഭാര്യയുടെ ശവകുടീരത്തിന് അരികിലായാണ് ഇന്ദ്രയ്യ തനിക്ക് കുഴിമാടമൊരുക്കിയത്. ജീവിതത്തിന്റെയും മരണത്തിന്റെയും നിത്യസത്യങ്ങളെക്കുറിച്ചുള്ള സന്ദേശം ആലേഖനം ചെയ്ത ഒരു ഫലകവും അതിനരികിൽ സ്ഥാപിക്കുകയും ചെയ്തു. മറ്റൊരു കുറിപ്പിലൂടെ മരണം അനിവാര്യമാണെന്നും ആർക്കും ഉണ്ടാക്കിവെച്ച സ്വത്തുക്കളൊന്നും കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു.
പതിവായി അദ്ദേഹം ശവകുടീരത്തിന് അരികെയെത്തുമായിരുന്നു. അവിടം വൃത്തിയായി സൂക്ഷിക്കും. ശവകുടീരത്തിന് അരികിലുള്ള ചെടികൾക്ക് വെള്ളവും ഒഴിച്ച് കുറച്ചു നേരം അവിടെ വിശ്രമിച്ച ശേഷമാണ് തിരിച്ചുപോവുക. മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിൽ എപ്പോഴും മുൻപന്തിയിലായിരുന്നു ഇന്ദ്രയ്യ.
അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ സഹോദരൻ നക്ക ഭൂമയ്യക്ക് നൂറുനാവാണ്. ഇന്ദ്രയ്യ തനിക്കായി ശവകുടീരമൊരുക്കി വെച്ചു. ഗ്രാമത്തിൽ അദ്ദേഹത്തിന് ആ ഗ്രാമത്തിന് ഒരു പള്ളിയും നിർമിച്ചുനൽകി. ഗ്രാമത്തിനായി ഒരുപാട് കാര്യങ്ങൾചെയ്തു. ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ സ്വത്തുക്കൾ നാലുമക്കൾക്കായി വീതം വെച്ചുനൽകി. അവർക്കായി വീടുകൾ നിർമിച്ചു കൊടുത്തു. കുടുംബത്തിലെ തന്നെ ഒമ്പതു വിവാഹങ്ങൾ ഏറ്റെടുത്തി നടത്തിയെന്നും സഹോദരൻ പറയുന്നു.
നമ്മൾ എന്തൊക്കെ ശേഖരിച്ചുവെച്ചാലും അതൊക്കെ നഷ്ടമാകും. എന്നാൽ മറ്റുള്ളവർക്ക് സഹായം നൽകിയാൽ അതെന്നും നിലനിൽക്കും. ഇതായിരുന്നു ഇന്ദ്രയ്യയുടെ തത്വം.
സ്വന്തം ശവകുടീരം വരെ ഒരുക്കിയ ഇന്ദ്രയ്യയുടെ മരണയാത്ര വലിയൊരു അനുഭവമായിരുന്നു ഗ്രാമീണർക്ക്.
''നാലോ അഞ്ചോ വീടുകൾ ഞാൻ നിർമിച്ചിട്ടുണ്ട്. ഒരു സ്കൂളും പള്ളിയും കൂടാതെ സ്വന്തം കുഴിമാടവും നിർമിച്ചു. വളരെ സന്തോഷവാനാണ്. സ്വന്തമായി കുഴിമാടമൊരുക്കുന്നതിൽ പലർക്കും വലിയ സങ്കടമാണ്. എന്നാൽ എനിക്കതിൽ വലിയ സന്തോഷമാണ് തോന്നിയത്''-എന്നാണ് മുമ്പ് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഇന്ദ്രയ്യ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

