തെലങ്കാനയിലും ലോക്ഡൗൺ; ദക്ഷിണേന്ത്യയിൽ ഇനി അടച്ചിടാനുള്ളത് ആന്ധ്ര മാത്രം
text_fieldsഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ തെലങ്കാന സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 12ന് രാവിലെ 10 മുതൽ 10 ദിവസത്തേക്കാണ് ലോക്ഡൗൺ.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ലോക്ഡൗൺ വേണ്ടെന്നുമായിരുന്നു സർക്കാറിന്റെ ഇതുവരെയുള്ള നിലപാട്. എന്നാൽ കോവിഡ് ബാധ കൂടിയ സാഹചര്യത്തിൽ ഹൈകോടതിയുടെ വിമർശനം നേരിട്ടതോടെയാണ് സംസ്ഥാനം അടച്ചുപൂട്ടാൻ കാബിനറ്റ് തീരുമാനിച്ചത്.
തെലങ്കാനയിൽ 24 മണിക്കൂറിനിടെ 4826 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 35 മരണം കൂടി ചേർത്ത് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2771 ആയി മാറി. ഇതോടെ ആന്ധ്രപ്രദേശ് ഒഴികെയുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം അടച്ചുപൂട്ടലിലായി. കേരളത്തിൽ മേയ് 16 വരെയാണ് ലോക്ഡൗൺ. കർണാടകയിൽ മേയ് 24 വരെയാണ് അടച്ചുപൂട്ടൽ. തമിഴ്നാടും പുതുച്ചേരിയും രണ്ടാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉത്തരേന്ത്യയിൽ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മേയ് 17 വരെ ലോക്ഡൗൺ നീട്ടിയിരിക്കുകയാണ്.

