ആശുപത്രിയിലെ എസി പൊട്ടിത്തെറിച്ച് രണ്ട് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ ആശുപത്രിയിൽ എ.സി പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾ മരിച്ചു. ആദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായത്. രാത്രി 11.50ഓടെയാണ് അപകടം. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തീ പടർന്നതോടെ വാർഡിൽ കനത്ത പുകയും നിറയുകയായിരുന്നു. സംഭവസമയത്ത് വാർഡിലുണ്ടായിരുന്ന 28 കുട്ടികളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ട് കുഞ്ഞുങ്ങളാണ് അപകടത്തിൽ മരിച്ചത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യുത സംവിധാനവും ആശുപത്രിയിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളും അപകടസമയത്ത് കൃത്യമായി പ്രവർത്തിച്ചിരുന്നോയെന്നും പരിശോധിക്കും. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ അനാസ്ഥയോ അപകടത്തിന് കാരണമായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അവരുടെ ആരോഗ്യനില തുടർച്ചയായി നിരീക്ഷിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തെ ആശുപത്രികളിലെ അഗ്നിസുരക്ഷാ, വൈദ്യുത സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

