ഹൈദരാബാദ്: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തെലുങ്കാനയിൽ ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വനസ്തലിപുരം, ദമ്മായിഗുഡ, അത്താപൂർ മെയിൻ റോഡ്, ഹൈദരാബാദിലെ മുഷീറബാദ് ഏരിയ എന്നിവിടങ്ങൾ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.
രങ്കറെഡി ജില്ലയിലെ അഗമയ നഗർ, ബാങ്ക് കോളനി, ഹക്കിംബാദ്, സെയ്നദ് കോളനി, ഗന്ദേശ് നഗർ എന്നീ പ്രദേശങ്ങളിൽ പെയ്ത മഴ പ്രളയത്തിന് കാരണമായി. ബന്ദ്ലഗുഡയിൽ കെട്ടിടം തകർന്നു വീണ് കുട്ടി ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു.
പ്രളയം കനത്ത നാശംവിതച്ച തോളി ചൗക്കി ഏരിയയിൽ സംസ്ഥാന ദുരിത പ്രതിരോധ സേനയും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം ഊർജിതമാക്കി.
നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ ഗതാഗതം സാവധാനത്തിലാണ്.
മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണം 11 ആയി. ചൊവ്വാഴ്ച ഷംഷാബാദിലെ ഗഗൻപഹദിൽ വീട് തകർന്നു വീണ് മൂന്നു പേർ മരിച്ചു.