Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിന്ദുക്കളും മുസ്‍ലിംകളും തന്റെ ‘രണ്ട് കണ്ണുകൾ’; തെലങ്കാനയിലും വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യാൻ ശ്രമമെന്ന് രേവന്ത് റെഡ്ഡി

text_fields
bookmark_border
ഹിന്ദുക്കളും മുസ്‍ലിംകളും തന്റെ ‘രണ്ട് കണ്ണുകൾ’; തെലങ്കാനയിലും വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യാൻ ശ്രമമെന്ന് രേവന്ത് റെഡ്ഡി
cancel

ഹൈദരാബാദ്: തെലങ്കാനയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർ വീടുതോറും പരിശോധന നടത്തി വോട്ടവകാശം സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഹൈദരാബാദിൽ നടന്ന മൈനോറിറ്റീസ് എക്സലൻസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി. ചില രാഷ്ട്രീയ ശക്തികൾ വോട്ടർപട്ടികയിൽ കൃത്രിമമായി ഇടപെടാൻ ശ്രമിക്കുകയാണെന്നും പശ്ചിമ ബംഗാൾ ലക്ഷ്യമിട്ടിരുന്ന അതേ രാഷ്ട്രീയ ശക്തികൾ ഇപ്പോൾ തെലങ്കാനയിലേക്ക് ശ്രദ്ധ തിരിച്ചതായും അദ്ദേഹം ആരോപിച്ചു.

എസ്.ഐ.ആർ നടപടിയുടെ ഭാഗമായി ഓരോ വീടും സന്ദർശിച്ച് വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് മുഖ്യമന്ത്രി നിർദേശിച്ചു. അർഹരായ ഒരു വോട്ടറുടെയും പേര് പട്ടികയിൽനിന്ന് ഒഴിവാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘എല്ലാവരും ഒരു രേവന്ത് റെഡ്ഡിയായി മാറി വോട്ടവകാശം സംരക്ഷിക്കണം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. വോട്ടർപട്ടികയിൽ പേരുണ്ടോ, വിവരങ്ങൾ കൃത്യമാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ സമയബന്ധിതമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർപട്ടിക വിഷയത്തിന് പുറമെ സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ നടപടികളും രേവന്ത് റെഡ്ഡി വിശദീകരിച്ചു. ഹിന്ദുക്കളും മുസ്‍ലിംകളും തന്റെ ‘രണ്ട് കണ്ണുകൾ’ ആണെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ നാല് ശതമാനം ന്യൂനപക്ഷ സംവരണത്തെ ബി.ജെ.പി എതിർക്കുകയാണ്. ബി.ജെ.പി അധികാരത്തിലെത്തിയാൽ സംവരണം റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. അതേസമയം, ഗുജറാത്തിലെ സമാന സംവരണ സംവിധാനങ്ങൾ ആദ്യം ബി.ജെ.പി ഒഴിവാക്കട്ടെയെന്ന് കോൺ​ഗ്രസ് വെല്ലുവിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാല് ശതമാനം ന്യൂനപക്ഷ സംവരണം ഫലപ്രദമായി നടപ്പാക്കിയതിലൂടെ ഗുണഭോക്താക്കൾക്ക് ഗ്രൂപ് 1, ഗ്രൂപ് 2 സർക്കാർ സർവീസുകളിൽ ജോലി ലഭിച്ചതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. നിയമപോരാട്ടങ്ങൾ ഉണ്ടായിട്ടും നിയമന നടപടികൾ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കൾ ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ നൈപുണ്യങ്ങളും നേടണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാണെന്നും അതിനനുസരിച്ചുള്ള നൈപുണ്യ വികസനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana CM Revanth Reddy urges electoral vigilance amid SIR row
Next Story