'മതഭ്രാന്ത് വേരാഴ്ത്തിയാൽ രാജ്യം അപകടത്തിലാവും', ബി.ജെ.പിയെ കടന്നാക്രമിച്ച് തെലങ്കാന മുഖ്യമന്ത്രി
text_fieldsഹൈദരാബാദ്: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും അവർക്കിടയിൽ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനും വർഗീയ ശക്തികൾ ശ്രമിക്കുന്നതായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. 'തെലങ്കാന ജാതീയ സമൈക്യതാ ദിനോത്സവം' (തെലങ്കാന ദേശീയോദ്ഗ്രഥന ദിനം) ആഘോഷിക്കവേ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ പേരെടുത്ത് പറയാതെ അവർക്കെതിരെ കടുത്ത രീതിയിലുള്ള വിമർശനമാണ് ചന്ദ്രശേഖർ റാവു നടത്തിയത്.
'മതഭ്രാന്ത് വളർന്നു വേരാഴ്ത്തിയാൽ പിന്നെ രാജ്യം അപകടത്തിലാവും. മനുഷ്യർ തമ്മിലുള്ള ഇഴയടുപ്പം തകരും. രാജ്യത്തെ ഓരോരുത്തരുടെയും ജീവിതത്തെ ദുസ്സഹമാക്കാൻ മാത്രമേ അതുപകരിക്കൂ.
അവർ അവരുടെ ഇടുങ്ങിയ താൽപര്യങ്ങൾക്കായി സാമൂഹിക ബന്ധങ്ങളിൽ മുള്ളുകൾ വിതറുകയാണ്. വിഷംനിറച്ച പ്രസ്താവനകളുമായി ആളുകൾക്കിടയിൽ വിദ്വേഷം പരത്തുന്നു. ജനങ്ങളെ ഈവിധം തമ്മിലടിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല' -റാവു പറഞ്ഞു.
തെലങ്കാ സർക്കാർ തെലങ്കാന ജാതീയ സമൈക്യതാ ദിനോത്സവം നടത്തുന്ന അതേ ദിവസം 'ഹൈദരാബാദ് ലിബറേഷൻ ഡേ' ആയി കേന്ദ്രസർക്കാർ ആചരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു റാവുവിന്റെ പ്രസംഗം. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലിബറേഷൻ ഡേ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തി മിനിറ്റുകൾക്കകമാണ് വിമർശന ശരങ്ങളുതിർത്ത് ചന്ദ്രശേഖർ റാവു ആഞ്ഞടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

