Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഴിലുറപ്പിൽ...

തൊഴിലുറപ്പിൽ കൈകടത്തരുത്; വിബി-ജി റാം ജി നിയമം ചോദ്യചെയ്ത് തെലങ്കാന സുപ്രീംകോടതിയിലേക്ക്...

text_fields
bookmark_border
തൊഴിലുറപ്പിൽ കൈകടത്തരുത്; വിബി-ജി റാം ജി നിയമം ചോദ്യചെയ്ത് തെലങ്കാന സുപ്രീംകോടതിയിലേക്ക്...
cancel
camera_alt

തെലങ്കാന മന്ത്രിസഭ

ഹൈദരാബാദ്: ഗ്രാമീണ തൊഴിലാളികൾക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൊളിച്ചെഴുതി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിബി-ജി റാം ജി ആക്ടിനെതിരെ നിയമപോരാട്ടത്തിന് തെലങ്കാന. പുതിയ നിയമം ഫെഡറൽ തത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

അതേസമയം തന്നെ, സംസ്ഥാനത്ത് വിബി-ജി റാം ജി നിയമം ജൂലൈ ഒന്നുമുതൽ നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര മന്ത്രിസഭ യോഗം അംഗീകാരം നൽകി. നിയമപരമായ പോരാട്ടത്തോടൊപ്പം, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിയമത്തിലെ ചില വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും സംസ്ഥാനങ്ങളുമായി ആവശ്യമായ കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്ര സർക്കാർ പല വ്യവസ്ഥകളും ഉൾപ്പെടുത്തിയതെന്നും വാർത്താവിനിമയ മന്ത്രി പൊങ്കുലേരി ശ്രീനിവാസ് റെഡ്ഢി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗ്രാമീണ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എം.ജി.എൻ.ആർ.ഇ.ജി.എസ്) മാറ്റങ്ങൾ വരുത്തരുതെന്ന് ആവശ്യപ്പെട്ട് ഈ വർഷം ജനുവരിയിൽ തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ ശക്തമായ എതിർപ്പ് വീണ്ടും കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങൾ നിലവിലെ സാഹചര്യം കണക്കിലെടുത്ത് നിയമം അംഗീകരിച്ചതിനാലാണ് തെലങ്കാനയും നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വിബി-ജി റാം ജി നിയമം നടപ്പാക്കുന്നതിലൂടെ സംസ്ഥാന സർക്കാറുകൾക്ക് മേൽ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ഇതുസംബന്ധിച്ച് പഠിച്ച മന്ത്രിസഭ ഉപസമിതി നേരത്തേ കണ്ടെത്തിയിരുന്നു. എൻ. ഉത്തംകുമാർ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉപസമിതി, കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പുതിയ ബിൽ തൊഴിലെടുക്കാനുള്ള നിയമപരമായ അവകാശത്തെ റദ്ദാക്കി വൻകിട കാർഷിക ഭൂവുടമകൾക്ക് തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് ലഭ്യമാക്കാനുതകുംവിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത വിമർശനവുമുണ്ട്.

വിളവെടുപ്പ് കാലത്ത് 60 ദിന നിർബന്ധിത ഇടവേള നിയമമാക്കുന്നത് അതിനുവേണ്ടിയാണ്. തൊഴിലവസരങ്ങൾ കേന്ദ്ര ബജറ്റ് വിഹിതത്തിന് വിധേയവും. അത് വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയുകയുമില്ല. എന്നാൽ, സംസ്ഥാനവിഹിതമായി 40 ശതമാനം തുക കണ്ടെത്തുകയും വേണം. കേന്ദ്രത്തിനാണ് സംസ്ഥാനങ്ങളുടെ ഗ്രാമീണ മേഖലകൾ ഏതെന്ന് വിജ്ഞാപനമിറക്കാനുള്ള അവകാശം. അതുകൊണ്ടുതന്നെ സംസ്ഥാനതാൽപര്യങ്ങൾക്ക് വിരുദ്ധമായാണ് നിയമത്തിലെ പല വ്യവസ്ഥകളും.

നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് ഏതാനും സന്നദ്ധ സംഘങ്ങൾ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central Govt.TelaganaSupreme CourtVBG RAM G
News Summary - Telangana Challenges VB-G RAM G Act
Next Story