ആറ് സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ്, തെലങ്കാനയിലും ബിഹാറിലും ശ്രദ്ധേയം
text_fieldsന്യൂഡൽഹി: രാജ്യത്ത് ആറ് സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി. ബി.ജെ.പിയും പ്രാദേശിക പാർട്ടികളും തമ്മിലുള്ള മത്സരമാണ് ആറ് സംസ്ഥാനങ്ങളിലും. തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, ഉത്തർ പ്രദേശ്, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറിൽ രണ്ട് മണ്ഡലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിൽ ഒാരോ മണ്ഡലങ്ങളിലുമായി ഏഴിടത്താണ് തെരഞ്ഞെടുപ്പ്. അതിൽ തെലങ്കാനയിലെ മനുഗോഡയിലും ബിഹാറിലെ മൊകാമയിലും ഗോപാൽ ഗഞ്ചിലും നടക്കുന്ന മത്സരമാണ് ഏറ്റവും ശ്രദ്ധേയം.
തെലങ്കാനയിൽ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിച്ചുവെന്ന ടി.ആർ.എസ് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് എം.എൽ.എ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് തെലങ്കാനയിലെ മനുഗോഡയിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ടി.ആർ.എസും ബി.ജെ.പിയും തമ്മിലുള്ള മത്സരമാണ് ഇവിടെ പ്രധാനം. ബി.ജെ.പിയിലെ ആർ.കെ രാജഗോപാല റെഡ്ഢിയും ടി.ആർ.എസിന്റെ മുൻ എം.എൽ.എ കുസുകുൻത്‍ല പ്രഭാകർ റെഡ്ഢിയും കോൺഗ്രസിന്റെ പൽവൈ ശ്രവന്തിയും തമ്മിലാണ് മത്സരം.
തെലങ്കാനയിൽ ഒതുങ്ങിക്കഴിയാതെ ദേശീയ തലത്തിലേക്ക് വളരുന്നതിന്റെ ഭാഗമായി ഈയടുത്ത് ടി.ആർ.എസ് പേര് ഭാരത് രഷ്ട്ര സമിതി എന്ന് മാറ്റിയിരുന്നു. ഉപതെരഞ്ഞെടുപ്പിലെ വിജയം അവരുടെ ഭാവി പദ്ധതിക്ക് മാത്രമല്ല, വരാൻ പോകുന്ന നിയമ സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനും ആത്മവിശ്വാസം ലഭിക്കാൻ അനിവാര്യമാണ്.
ബി.ജെ.പി സഖ്യത്തിൽ നിന്ന് പിൻമാറി തേജസ്വി യാദവിന്റെ ആർ.ജെ.ഡിയിൽ ചേർന്ന് മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷയാണ് ബിഹാറിലെ മൊകാമയിലും ഗോപാൽ ഗഞ്ചിലും നടക്കുന്നത്. ഇവിടെ നേരത്തെ യഥാക്രമം ആർ.ജെ.ഡിയും ബി.ജെ.പിയുമായിരുന്നു വിജയിച്ചിരുന്നത്.
ഹരിയാനയിൽ മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ ഇളയ മകൻ കുൽദീപ് ബിഷോണി അദംപൂരിലെ എം.എൽ.എ സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. അഞ്ച് ദശാബ്ദങ്ങളായി ഭജൻ ലാലിന്റെ കുടുംബം കൈവശം വെച്ചിരിക്കുന്ന സീറ്റാണ് ഇത്. സീറ്റ് പിടിച്ചു നിർത്താനുള്ള ശ്രമമാണ് ഈ തെരഞ്ഞെടുപ്പിന്റെ മുഖ്യ ആകർഷണം. ബിഷോണിയുടെ മകൻ ഭവ്യയാണ് ഭരണ കക്ഷിയായ ബി.ജെ.പിയുടെ സ്ഥാനാർഥി. മുൻ കേന്ദ്ര മന്ത്രിയും മൂന്ന് തവണ കോൺഗ്രസ് എം.പിയും രണ്ട് തവണ എം.എൽ.എയുമായ ജയ് പ്രകാശാണ് എതിരാളി.
ഉത്തർ പ്രദേശിൽ എം.എൽ.എ അരവിന്ദ് ഗിരിയുടെ മരണത്തോടെ ഒഴിവു വന്ന ഗോല ഖൊരക് നാഥ് സീറ്റ് തിരിച്ചു പിടിക്കുക എന്നാത് ബി.ജെ.പിയുടെ ലക്ഷ്യം. മായാവതിയുടെ ബി.എസ്.പിയും കോൺഗ്രസും തെരഞ്ഞടുപ്പിൽ മത്സരിക്കുന്നില്ല. പ്രധാനമത്സരം ബി.ജെ.പിയും അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയും തമ്മിലാണ്.
ഒഡിഷയിൽ പാർട്ടി എം.എൽ.എ ബിഷ്ണു ചരൺ സേഥിയുടെ മരണത്തോടെ ഒഴിവു വന്ന ധാംനഗർ നിലനിർത്താനുള്ള മത്സരമാണ് ബി.ജെ.പിയുടെത്. ബിജു ജനതാദളിനെതിരായി എം.എൽ.എയുടെ മകൻ തന്നെയാണ് മത്സരിക്കുന്നത്.
മഹാരാഷ്ട്രയിലെ അന്ദേരിയിൽ ബി.ജെ.പി മത്സരത്തിൽ നിന്ന് പിൻമാറിയതോടെ ശിവസേന ഉദ്ധവ് താക്കറെ പക്ഷം ഏതാണ്ട് വിജയം ഉറപ്പാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ചയാണ് പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

