ലാലുവില്ലാത്ത റാന്തലുമായി തേജസ്വിയുടെ പ്രതിരോധം
text_fields‘ഹർ വാദാ പൂരാ കരേംഗെ, ഹമാരാ വാദാ ഹെ, തേജസ്വി ഭറോസ ഹെ’ എന്നൊക്കെ എഴുതി തേജസ്വി യാദവിനെ ‘നായക്’ ആക്കി ബിഹാറിലെ തെരുവുകളിൽ നിറച്ച കൂറ്റൻ ബിൽ ബോർഡുകളിലും പോസ്റ്ററുകളിലും രാഷ്ട്രീയ ജനതാദളിന്റെ ചിഹ്നമായ റാന്തലിനൊപ്പം ലാലു പ്രസാദ് യാദവിന്റെ ചിത്രങ്ങളില്ല. മകൻ തേജസ്വിയുടെ വലിയ ചിത്രങ്ങൾക്ക് പിറകിലോ പശ്ചാത്തലത്തിലോ പോലും ലാലുവിന്റെ മുഖം കാണാനില്ല. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന പ്രതീകമായ ലാലു പ്രസാദ് യാദവിന്റെ ചിത്രം പ്രചാരണ കോലാഹലങ്ങളിൽനിന്നെല്ലാം അപ്രത്യക്ഷമായ തെരഞ്ഞെടുപ്പാണ് ഇക്കുറി ബിഹാറിലേത്.
ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ ‘ജംഗ്ൾ രാജ്’ എന്ന് ആക്ഷേപിക്കുന്ന എതിരാളികളുടെ പ്രചാരണം പ്രതിരോധിക്കാനാണ് തേജസ്വിയെ ബിഹാറിലെ പുതുതലമുറയുടെ പ്രതീക്ഷയാക്കി അവതരിപ്പിക്കാൻ പാർട്ടി ലാലുവിന്റെ ചിത്രം പ്രചാരണ ബോർഡുകളിൽനിന്നുപോലും നീക്കിയത്.
ബിഹാറിലുടനീളമുള്ള ഭരണവിരുദ്ധ വികാരത്തിനിടയിൽ ഇൻഡ്യ സഖ്യത്തിന്റെ യുവനേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായി തേജസ്വി വലിയ ഭീഷണി ഉയർത്തി തുടങ്ങിയതോടെ എൻ.ഡി.എ-ബി.ജെ.പി നേതാക്കളുടെ ആവനാഴിയിൽ ആകെയുള്ളത് ജംഗ്ൾ രാജ് ആണ്. രാമക്ഷേത്രത്തിനായുള്ള രഥയാത്ര തടഞ്ഞ ലാലു യാദവിനോടുള്ള അരിശം ഒന്നിന് പിറകെ മറ്റൊന്നായി കേസുകളിൽ കുടുക്കിയിട്ടും തീരാത്ത ബി.ജെ.പിയാണ് ലാലുവിന്റെ 15 വർഷത്തെ ഭരണകാലത്തെ ജംഗ്ൾ രാജ് എന്ന് വിളിച്ചുതുടങ്ങുന്നത്.
20 വർഷമായി നിതീഷ് ഭരിക്കുന്ന ബിഹാറിൽ മുന്നാക്ക ജാതിക്കാർക്ക് മുന്നിൽ ഇരിക്കാൻ കഴിയാതിരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് ലാലു പ്രസാദ് യാദവ് സാമൂഹിക നീതി ഉറപ്പാക്കിയതിന്റെ കഥകളൊന്നുമറിയാത്ത പുതുതലമുറ പോലും ജംഗ്ൾ രാജ് എന്ന് കേട്ടാൽ ലാലുവിന്റെ ഭരണമെന്ന് പറയുന്നിടത്തോളം അത് പ്രചുര പ്രചാരം നേടി.
ഇക്കുറി എൻ.ഡി.എക്കും ബി.ജെ.പിക്കും പുറമെ ജൻസുരാജ് പാർട്ടിയുടെ പ്രശാന്ത് കിഷോറും ലാലു പ്രസാദ് യാദവിനെ വില്ലനാക്കി അവതരിപ്പിച്ച് തേജസ്വിയിലേക്കും മഹാസഖ്യത്തിലേക്കും പോകുന്ന വോട്ടുകൾ തടയാൻ പരിശ്രമിക്കുന്നതാണ് ബിഹാറിൽ കാണുന്നത്. ബി.ജെ.പി നേതാക്കളുടെ ഭാഷ കടംകൊണ്ട് ലാലു കാലത്തെ കൊള്ളയുടെയും കൊലയുടെയും പിടിച്ചുപറിയുടെയും കാലമായി അവതരിപ്പിക്കുന്ന പ്രശാന്ത് കിഷോർ ‘കാലികളുടെ തീറ്റയും തിന്നുന്ന കള്ളൻ’ എന്നൊക്കെ അങ്ങേയറ്റം ഹീനമായ ഭാഷയിലാണ് പുതുതുലമുറക്ക് ലാലു പ്രസാദ് യാദവിനെ പരിചയപ്പെടുത്തുന്നത്.
സ്വാഭാവികമായും ലാലുവിന്റെ ചിത്രം കണ്ടാലും പേര് കേട്ടാലും ‘ജംഗ്ൾ രാജ്’ എന്ന് വോട്ടർമാരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് തടയാൻ തങ്ങൾ പ്രചാരണ ബോർഡുകളിലും പോസ്റ്ററുകളിലും ലാലുവിനെ ബോധപൂർവം കാണിക്കാതിരിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദൾ നേതാക്കൾതന്നെ സമ്മതിക്കുന്നു.
ലാലുവിന്റെ ചിത്രം കൊടുക്കുന്നതോടെ തേജസ്വിയെ നായകനാക്കി തങ്ങളുണ്ടാക്കുന്ന ആവേശത്തിന്റെ കാറ്റുപോകുമെന്നും അവർ പറയുന്നു. ബോർഡുകളിലും പോസ്റ്ററുകളിലും മാത്രമല്ല, പ്രചാരണത്തിനും ലാലുവിനെ ഇറക്കുന്നില്ല. അതേസമയം, ലാലുവിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റബ്റി ദേവിയെ തേജസ്വി തന്റെ പ്രതിനിധിയായി രാഘോപുർ മണ്ഡലത്തിൽ സജീവ പ്രചാരണത്തിനിറക്കിയിട്ടുമുണ്ട്. 2020ലെ വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിൽ തേജസ്വി യാദവിന് കേവലം 11,150 വോട്ടുകളുടെ വ്യത്യാസത്തിനാണ് കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടമായതെന്നും അവർ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

