റണ്ണെടുക്കാനോടുന്ന ബാറ്റിങ് പങ്കാളിയെ ചതിച്ച് ഔട്ടാക്കി എതിർ ടീമിനെ സഹായിക്കുന്നതു പോലൊരു കൊടുംക്രൂരതയാണ് 2017ൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോട് ചെയ്തത്. തികഞ്ഞ രാഷ്ട്രീയ വിരോധത്തിലൂന്നി കേന്ദ്രസർക്കാർ കെട്ടിച്ചമച്ചൊരു കേസിൽ പേരുണ്ടെന്ന് പറഞ്ഞായിരുന്നു ആദർശവാദി ചമഞ്ഞ് നിതീഷ് തേജസ്വിയെ മന്ത്രിസഭയിൽനിന്ന് ഇറക്കിവിട്ടതും മഹാസഖ്യം പിരിഞ്ഞ് ബി.ജെ.പി പാളയത്തിൽ ചേക്കേറിയതും.
ബിഹാറിെൻറ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയായിരുന്ന ആ മുൻ ക്രിക്കറ്റർ തികഞ്ഞ രാഷ്ട്രീയ പക്വത തനിക്കുണ്ടെന്ന് അന്നേ തെളിയിച്ചിരുന്നു. ആ പക്വതയിലൂന്നി ജനഹൃദയങ്ങളിലേക്ക് നടത്തിയ സഞ്ചാരം മൂന്നു വർഷങ്ങൾക്കിപ്പുറം ആ 31കാരനെ ബിഹാറിലെ പ്രമുഖ നേതാവിെൻറ കസേരയിലെത്തിച്ചിരിക്കുന്നു.
നാണംകുണുങ്ങിയും അന്തർമുഖനുമായിരുന്നു ബിഹാറിൽ മുഖ്യമന്ത്രിമാരായിരുന്ന ലാലുപ്രസാദ് യാദവിെൻറയും റാബ്രി ദേവിയുടെയും ഇളയമകൻ. ക്രിക്കറ്റ് കരിയർ സ്വപ്നംകണ്ട് ഒമ്പതാം ക്ലാസിൽ പഠിത്തം നിർത്തി. ഝാർഖണ്ഡ്, ഡൽഹി ഡെയർ ഡെവിൾസ് ടീമുകളുടെ ജഴ്സിയണിഞ്ഞെങ്കിലും മിക്കവാറും പവിലിയനിലായിരുന്നു സ്ഥാനം.
കാലിത്തീറ്റ കുംഭകോണക്കേസിൽ കുറ്റക്കാരനെന്ന് വിധിച്ച് കോടതി തെരഞ്ഞെടുപ്പിൽനിന്ന് വിലക്കിയ ഘട്ടത്തിലാണ് ലാലുജി രാഷ്ട്രീയ പാരമ്പര്യം കാക്കാൻ തേജസ്വിയെയും തേജ് ബഹാദൂറിനെയും 2015ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിയത്.
കാടിളക്കി വന്ന മോദി-ഷാ ദ്വയങ്ങളെ തകർത്ത് നിതീഷിെൻറ ജെ.ഡിയുവും ലാലുവിെൻറ ആർ.ജെ.ഡിയും കോൺഗ്രസുമടങ്ങിയ മഹാസഖ്യം വിജയം കൊയ്തെങ്കിലും ബി.ജെ.പി കൊരുത്ത ചൂണ്ടയിൽ കൊത്തിയ നിതീഷ്, സഖ്യം പിളർത്തിയതോടെ ഉപമുഖ്യമന്ത്രിക്കസേര പോയ തേജസ്വി പ്രതിപക്ഷ നായകനായി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചെങ്കിലും തോറ്റമ്പി. തോൽവിക്കു പിന്നാലെ രാഹുൽ ഗാന്ധിയെ അനുസ്മരിപ്പിക്കും വിധം തിരോഭവിച്ച തേജസ്വി പിന്നെയൊരുനാൾ മടങ്ങി വന്നു. പാർട്ടി അതിെൻറ അധികാരകാലങ്ങളിൽ ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് ജനതയോട് മാപ്പ് ചോദിക്കുക എന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ മാതൃകയില്ലാത്ത മാന്യത കാണിച്ചു. ബിഹാറി ജനതയെ കാണുവാനും കേൾക്കുവാനും സമയം കണ്ടെത്തി. കനത്ത നാശം പെയ്യിച്ച് ബാഗ്മതി, അധ്വാര നദികൾ കവിഞ്ഞൊഴുകിയ പ്രളയകാലത്ത് നനഞ്ഞുവിറച്ച ജനതയെ നെഞ്ചിലെ ചൂടിനാൽ ചേർത്തുപിടിച്ചു. മുന്നുംപിന്നും നോക്കാതെ പ്രഖ്യാപിച്ച കോവിഡ് ലോക്ഡൗൺ മൂലം ദുരിതക്കനൽ താണ്ടേണ്ടിവന്ന ബിഹാറിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് സാന്ത്വനമേകി. വികാസ പുരുഷൻ എന്ന് വീമ്പിളക്കു േമ്പാഴും നിതീഷ് കുമാർ അേമ്പ പരാജയപ്പെട്ട യുവജനങ്ങളുടെ തൊഴിൽ വിഷയം രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കാണിച്ചു.
നിതീഷ് വീണ്ടും അധികാരത്തിലേറുമെന്ന് അഭിപ്രായവോട്ടെടുപ്പുകളെല്ലാം ഒരേ ശബ്ദത്തിൽ പ്രവചിക്കുന്നതിനിടെ പയ്യന് പക്വത പോരെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിെൻറ പടിവാതിക്കൽ വെച്ച് ജിതിൻ റാം മാഞ്ജിയെപ്പോലുള്ള കാരണവന്മാർ സഖ്യം വിട്ട് ബി.ജെ.പിക്കൊപ്പം പോയി. അപ്പോഴും കുലുങ്ങിയില്ല ലാലു പുത്രൻ. ആകാവുന്നത്ര തെരഞ്ഞെടുപ്പ് യോഗങ്ങളിൽ നേരിട്ടെത്തി. അധികാരമേറ്റാൽ ആദ്യ മന്ത്രിസഭയോഗത്തിൽ പത്തുലക്ഷം പേർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം തരംഗമായി. പാർട്ടിയെപ്പോലും ഞെട്ടിച്ച് എല്ലാ സാമൂഹിക അകലങ്ങളും തെറ്റിച്ച് പ്രചാരണയോഗങ്ങളിലേക്ക് ആളൊഴുകി. പണിയില്ലാതെ, പട്ടിണി കിടന്നു മരിക്കുന്നതിലും ഭേദം കോവിഡ് പിടിക്കുന്നതാണെന്ന് കരുതിയിട്ടുണ്ടാവും ജനങ്ങൾ. എൻ.ഡി.എയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജംഗിൾരാജിലെ യുവരാജാ'വെന്ന് പരിഹസിച്ചപ്പോഴും നിയന്ത്രണം വിട്ടില്ല. പകരം വേദികളിൽ പക്വതയോടെ പച്ചയായ രാഷ്ട്രീയം പറഞ്ഞു. രാഷ്ട്രീയ ബോധത്തിൽ എന്നും ഇന്ത്യക്ക് വഴികാണിച്ച ബിഹാറി ജനത ആ പക്വതയെ അംഗീകരിച്ചു എന്നു വ്യക്തമാക്കുന്നതാണ് ജനവിധി.
തേജസ്വിയുടെ നേതൃത്വത്തിലെ മഹാസഖ്യം മുന്നേറുേമ്പാൾ ബിഹാർ ജനതക്കൊപ്പം ആനന്ദിക്കുന്നത് ഇന്ത്യയെമ്പാടുമുള്ള മതേതര ജനാധിപത്യ സമൂഹമാണ്. വിശിഷ്യാ, വർഗീയതയുടെ രഥചക്രങ്ങളെ തടയാൻ നെഞ്ചൂക്ക് കാണിച്ച ലാലുവിനൊത്തൊരു പിൻഗാമി അനിവാര്യമാകുന്നൊരു കാലത്ത്..