അദ്വാനിയെ അറസ്റ്റുചെയ്ത ലാലുവിന്റെ മകനാണ് ഞാൻ, സിരകളിലോടുന്നത് ലാലുവിന്റെ രക്തം -തേജസ്വി
text_fieldsപട്ന (ബിഹാർ): പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഇൻഡ്യ സഖ്യത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാക്കിയ ബിഹാർ വോട്ടർ അധികാർ യാത്രയെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണമാക്കി തേജസ്വി യാദവ്. അദ്വാനിയെ അറസ്റ്റുചെയ്ത ലാലുവിന്റെ മകനാണ് താനെന്നും ലാലുവിന്റെ രക്തമാണ് തന്റെ സിരകളിലോടുന്നതെന്നും ബി.ജെ.പിക്ക് ലാലു വഴങ്ങാത്തപോലെ താനും വഴങ്ങില്ലെന്നും തേജസ്വി പ്രഖ്യാപിച്ചു.
യാത്രക്കിടെ ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം ഉയർത്തി കാണിച്ച തേജസ്വി സമാപന ദിവസവും നിതീഷ് കുമാറിനുള്ള ബദലായി തന്നെ അവതരിപ്പിച്ചു.
വോട്ടു കൊള്ളക്കൊപ്പം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കഴിവുകേടിനെ കടന്നാക്രമിച്ച അദ്ദേഹം നിതീഷിനെ ഡ്യൂപ്ലിക്കേറ്റ് മുഖ്യമന്ത്രി എന്നാണ് വിളിച്ചത്. ബീഹാറിൽ ഇനി ഡ്യൂപ്ലിക്കേറ്റ് മുഖ്യമന്ത്രിയെ വേണോ ഒറിജിനൽ മുഖ്യമന്ത്രിയെ വേണോ എന്ന് വിളിച്ചു ചോദിച്ച തേജസ്വിക്ക് ഒറിജിനൽ മതിയെന്ന് ജനം വിളിച്ചു പറഞ്ഞു. ഡബിൾ എൻജിൻ സർക്കാറിലെ ഒരു എൻജിൻ കുറ്റകൃത്യത്തിന്റെയും മറ്റേ എൻജിൻ അഴിമതിയുടേതുമാണെന്ന് തേജസ്വി തുടർന്നു.
പ്രധാനമന്ത്രിയെ കടന്നാക്രമിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെറുതെ വിട്ടില്ല. സമാജ് വാദി ആശയങ്ങളുള്ള നിതീഷ് കുമാർ ഇന്ന് ബി.ജെ.പി-ആർ.എസ്.എസ് കരുതലിൽ ഇരിക്കുകയാണ്. എന്നാൽ, ആർ.എസ്.എസ് ഉടൻ നിതീഷിനെ മാലിന്യക്കുപ്പിയിൽ ഇടുമെന്ന് ഖാർഗെ പറഞ്ഞു. മോഷണം പതിവാക്കിയ പ്രധാനമന്ത്രി ബിഹാറിൽ വോട്ട് മോഷ്ടിച്ച് തെരഞ്ഞെടുപ്പ് ജയിക്കാൻ നോക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷനും കുറ്റപ്പെടുത്തി.
മോദിക്ക് ബദലായി രാഹുൽ
പട്ന (ബിഹാർ): പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷത്തുനിന്നുള്ള ഏക ബദലായി പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി മാറുന്നതിനാണ് പോയ നാളുകളിൽ ബിഹാർ സാക്ഷ്യം വഹിച്ചത്. മോദിയെ വെല്ലാൻ ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യത്തിനാണ് വോട്ടർ അധികാർ യാത്ര ഉത്തരം നൽകിയിരിക്കുന്നത്.
വോട്ടർ അധികാർ യാത്രയുടെ സമാപന ദിവസവും ഇതിന് അടിവരയിട്ടു. പ്രധാനമന്ത്രിക്ക് ബദലായി രാഹുലിനെ ഉയർത്തിക്കാണിക്കുന്നതിൽ അസംതൃപ്തിയുള്ള തൃണമൂൽ കോൺഗ്രസ് സമാപന വേദിയിലേക്ക് പ്രതിനിധിയായി യൂസഫ് പഠാനെ അയച്ചു.
ഹിന്ദി ഹൃദയ ഭൂമിയിൽ മോദിയെയും അമിത്ഷായേയും പ്രതിരോധത്തിലാക്കിയ വോട്ടുചോരിയെ സമർഥമായി ജനങ്ങളിലെത്തിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു. പ്രാദേശിക കക്ഷിയായ ആർ.ജെ.ഡിക്ക് പിറകിൽ നിൽക്കുന്നതിനു പകരം ബിഹാറിലും കോൺഗ്രസിനെ ശക്തമായ പ്രതിപക്ഷ പാർട്ടിയുടെ സ്ഥാനത്തേക്ക് രാഹുൽ കൈ പിടിച്ചുയർത്തി. കഠിനാധ്വാനം ചെയ്യാത്ത അലസന്മാരിൽനിന്ന് അത്യധ്വാനം ചെയ്യുന്ന ആവേശമുള്ള ചെറുപ്പക്കാരുടെ പാർട്ടിയാക്കി കോൺഗ്രസിനെ പരിവർത്തിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രണ്ടാമത്തെ യാത്രയിലൂടെയും രാഹുൽ തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

