തേജസ്വിയുടെ മകൾക്ക് പേരിട്ട് ലാലു പ്രസാദ് യാദവ്
text_fieldsപട്ന: ഈയാഴ്ചയാണ് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും ഭാര്യ റേച്ചൽ ഗൊഡിൻഹോക്കും പെൺകുഞ്ഞ് പിറന്നത്. ഇപ്പോൾ മകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് തേജസ്വി. ബിഹാർ മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ ലാലു പ്രസാദ് യാദവ് ആണ് പേരിട്ടതെന്നും തേജസ്വി പറഞ്ഞു. കാത്യായനി എന്നാണ് മകളുടെ പേരെന്നാണ് തേജസ്വി ട്വീറ്റ് ചെയ്തത്. മകൾ ജനിച്ചതോടനുബന്ധിച്ച് ആശംസകൾ നേർന്ന എല്ലാവർക്കും തേജസ്വി നന്ദി പറയുകയും ചെയ്തു.
ഡൽഹി ആശുപത്രിയിൽ വെച്ച് മകൾ ജനിച്ച കാര്യം തിങ്കളാഴ്ചയാണ് തേജസ്വി അറിയിച്ചത്. ദൈവം ഒരു പെൺകുഞ്ഞിനെ ഞങ്ങൾക്ക് സമ്മാനമായി നൽകിയിരിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അധികം വൈകാതെ തന്നെ ലാലുവും റാബ്റി ദേവിയും പേരക്കുട്ടിയെ കാണാൻ ആശുപത്രിയിൽ എത്തുകയും ചെയ്തു. പേരക്കുട്ടിയെ ആദ്യമായി കൈകളിലേന്തിയപ്പോൾ സന്തോഷവും അദ്ഭുതവും ആകാംക്ഷയും കൂടിച്ചേർന്നുള്ള സമ്മിശ്ര വികാരമാണ് മനസിലുണ്ടായതെന്നും ലാലു ട്വീറ്റ് ചെയ്തു.
കുഞ്ഞിന്റെ ചിത്രങ്ങളും ലാലു പങ്കുവെച്ചിരുന്നു. വല്യച്ഛനായതിന്റെ സന്തോഷത്തിൽ ലാലുവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് മധുരം വിതരണം ചെയ്തിരുന്നു.

