തോക്കുധാരിയുടെ തൂവാലയുടെ നിറം കണ്ട് പ്രധാനമന്ത്രി രാമരാജ്യമെന്ന് വിളിക്കുമോ? നളന്ദയിൽ പ്രധാനാധ്യാപകനെ വെടിവെച്ചു കൊന്ന സംഭവത്തിൽ തേജസ്വി യാദവ്
text_fieldsപട്ന: നളന്ദ ജില്ലയിലെ ഹൈസ്കൂളിൽ ബുധനാഴ്ചയാണ് ക്ലാസ് നടന്നുകൊണ്ടിരിക്കെ പ്രധാനാധ്യാപകനെ 19 കാരൻ വെടിവെച്ചു കൊലപ്പെടുത്തിയത്. അതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കൃത്യം നടത്തിയ ജഗൻ എന്ന ഉദൽ കുമാറിനെ പൊലീസ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നാൽ അക്രമിയെ അറസ്റ്റ് ചെയ്തിട്ടില്ല. തുടർന്ന് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബിഹാറിലെ ക്രമസമാധാന നില പൂർണമായി തകർന്നുവെന്നാണ് തേജസ്വിയുടെ ആരോപണം.
''പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നളന്ദയിലുണ്ടായിരിക്കുമ്പോഴാണ് ഒരു ഗുണ്ട സ്കൂളിലേക്ക് അതിക്രമിച്ചു കയറി പ്രധാനാധ്യാപകനെ വെടിവെച്ചു കൊന്നത്. കുറ്റവാളി യഥേഷ്ടം വിഹരിക്കുകയാണ്. പ്രതിയുടെ തൂവാലയും ധരിച്ച വസ്ത്രത്തിന്റെ നിറവും കണ്ട് പ്രധാനമന്ത്രി ഇത് രാമരാജ്യമാണെന്ന് പറയമോ? തെരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞല്ലോ. 25 വർഷം മുമ്പത്തെ ജംഗിൾ രാജിനെ കുറിച്ച് തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുന്ന പ്രധാനമന്ത്രി ഇത് കണ്ടുകാണില്ല. എൻ.ഡി.എക്കാരനായ മുഖ്യമന്ത്രിക്കും സമാന മനസായതിനാൽ സർക്കാർ ചെലവിൽ കുറ്റവാളികൾ സംസ്ഥാനത്ത് യഥേഷ്ടം വിഹരിക്കുകയാണ്.''-എന്നാണ് തേജസ്വി യാദവ് വിമർശിച്ചത്.
സ്കൂളിലെ മുൻ വിദ്യാർഥിയാണ് ജഗൻ. ഇയാൾ 55 വയസുള്ള പ്രധാനാധ്യാപകൻ സന്തോഷ് കുമാറിനു നേർക്ക് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ കാലിൽ തുളച്ചുകയറി. തോക്കുമായി ജഗൻ പ്രധാനാധ്യാപകന്റെ ഓഫിസിലേക്ക് കയറിപ്പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ആ സമയത്ത് ഫോണിൽ നോക്കി കസേരയിലിരിക്കുകയാണ് സന്തോഷ് കുമാർ. പെട്ടെന്ന് കസേരയിൽ നിന്നെഴുന്നേറ്റ അദ്ദേഹത്തിനു നേരെ ജഗൻ വെടിയുതിർക്കുകയായിരുന്നു. സംഭവം സ്കൂൾ അധികൃതർ ഉടൻ പൊലീസിൽ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അക്രമിയെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

