തേജസ്വി-രാജശ്രീ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു; ഭാഗ്യത്തിന്റെയും പ്രതീക്ഷയുടെയും സൂചനയെന്ന് മമത
text_fieldsമമത ബാനർജി കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് ആശുപത്രിയിലെത്തി തേജസ്വിയുടെ കുഞ്ഞിനെ സന്ദർശിച്ചപ്പോൾ
പട്ന: രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ പുതിയ അംഗത്തെ സ്വാഗതം ചെയ്ത് യാദവ കുടുംബം. ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവിനും ഭാര്യ രാജശ്രീ യാദവും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. കുഞ്ഞ് ജനിച്ച വിവരം തേജസ്വി തന്‍റെ എക്‌സിലൂടെയാണ് അറിയിച്ചത്. ‘കാത്തിരിപ്പ് അവസാനിച്ചു, ഒരുപാട് നന്ദിയും അനുഗ്രഹവും അഭിമാനവുമുള്ള മഹത്തരമായ നിമിഷം, ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്നു, ജയ് ഹനുമാന്‍’ എന്ന കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. 2021ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് കത്യായനി എന്നുപേരായ ഒരു മകളുണ്ട്. ആർ.ജെ.ഡി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ മകനാണ് തേജസ്വി.
തന്റെ പ്രണയം പരസ്യമാക്കി സോഷ്യൽ മീഡിയയിൽ വിവാദമായ പോസ്റ്റിട്ടതിനുപിന്നാലെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ ആർ.ജെ.ഡിയിൽ നിന്ന് ലാലുപ്രസാദ് യാദവ് കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു. പാർട്ടിയിൽനിന്നു മാത്രമല്ല, കുടുംബത്തിൽനിന്നും തേജ് പ്രതാപിനെ പുറത്താക്കിയതായി ലാലു പറഞ്ഞിരുന്നു. ഇതുയർത്തിയ വിവാദത്തിന്റെ അലയൊലി അടങ്ങുംമുമ്പാണ് കുടുംബത്തിൽ പുതിയ ആൺതരിയെത്തിയ സന്തോഷ വർത്തമാനം. അനുജന് കുഞ്ഞ് ജനിച്ചതിൽ സമൂഹ മാധ്യമത്തിലൂടെ തേജ് പ്രതാപ് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് ആശുപത്രിയിലെത്തി തേജസ്വിയുടെ കുഞ്ഞിനെ സന്ദർശിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് യാദവർക്ക് ഈ നവജാത ശിശു 'ഭാഗ്യത്തിന്റെയും പ്രതീക്ഷയുടെയും സൂചന' ആയിരിക്കുമെന്നും മമത പറഞ്ഞു.
'തേജസ്വി ഇന്നലെ രാത്രി എനിക്ക് സന്ദേശം അയച്ചു, ഞാൻ അമ്മയെയും കുഞ്ഞിനെയും സന്ദർശിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഇന്ന് അവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതിൽ വളരെയധികം സന്തോഷം'- മമത പറഞ്ഞു.
'ഇന്ന് ചൊവ്വാഴ്ചയാണ്, ഹനുമാൻ ജിയുടെ ദിനം. ഇത് ഞങ്ങൾക്ക് ഒരു ശുഭകരവും സന്തോഷകരവുമായ നിമിഷമാണ്. കുഞ്ഞിന് എന്തു പേര് നൽകണമെന്ന് കുടുംബം ഇതുവരെ തീരുമാനിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു. എല്ലാ നിർദേശങ്ങളും അന്തിമ തീരുമാനത്തിനായി കുടുംബനാഥനായ ലാലു ജിക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി ഭേദമെന്യേ വിവിധ രാഷ്ട്രീയ നേതാക്കൾ തേജസ്വിയെ ആശംസകൾ അറിയിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ നിരവധി പേരാണ് കുടുംബത്തിന് ആശംസകൾ അറിയിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

