എക്സിറ്റ് പോൾ തള്ളി തേജസ്വി; ഇൻഡ്യ സഖ്യം 160ലധികം സീറ്റുകൾ നേടി അധികാരത്തിലെത്തും
text_fieldsതേജസ്വി യാദവ്
ന്യൂഡൽഹി: ബിഹാറിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ആർ.ജെ.ഡി നേതാവും ഇൻഡ്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്. ബിഹാറിൽ എൻ.ഡി.എ സഖ്യം അധികാരത്തിൽ തുടരുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
ഇൻഡ്യ സഖ്യം 160ലധികം സീറ്റുകൾ നേടുമെന്ന് തേജസ്വി പട്നയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘താഴെത്തട്ടിൽനിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. ഞങ്ങൾക്ക് 160ലധികം സീറ്റുകൾ ലഭിക്കും. ജനതാദളിന് 1995ൽ ലഭിച്ച സീറ്റുകളേക്കാൾ വലിയ നേട്ടം ഇത്തവണ ഇൻഡ്യ സഖ്യത്തിനുണ്ടാകുമെന്നാണ് വോട്ടെടുപ്പിനു മുമ്പ് ലഭിച്ച പ്രതികരണം’ -ആർ.ജെ.ഡി നേതാവ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ അധികമുള്ള 76 ലക്ഷം വോട്ടർമാരെല്ലാം മാറ്റം ആഗ്രഹിക്കുന്നവരാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ വോട്ടർമാരെല്ലാം. ഭൂരിഭാഗം അഭിപ്രായ സർവേകളും മുഖ്യമന്ത്രി സ്ഥാനാർഥിയായ നിതീഷ് കുമാറിന് 18 ശതമാനത്തിലധികം വോട്ടുകൾ പ്രവചിക്കുന്നില്ലെന്നും തേജസ്വി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ യുവാക്കളും സ്ത്രീകളും മാറ്റം ആഗ്രഹിക്കുന്നവരാണ്. ഇവരുടെ അഭിപ്രായങ്ങളൊന്നും വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകളിൽ പ്രതിഫലിക്കുന്നില്ല. 204 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ എക്സിറ്റ് പോളുകൾ എൻ.ഡി.എക്ക് 400ലധികം സീറ്റുകളാണ് പ്രവചിച്ചിരുന്നത്. എൻ.ഡി.എക്ക് എത്ര സീറ്റുകളാണ് ആ തെരഞ്ഞെടുപ്പിൽ ലഭിച്ചതെന്ന് എല്ലാവരും കണ്ടതാണ്. പുതിയ സർക്കാർ രൂപവത്കരിക്കാനാകുമെന്ന കാര്യത്തിൽ സഖ്യത്തിന് വലിയ ആത്മവിശ്വാസമുണ്ടെന്നും ജേതസ്വി പറഞ്ഞു.
ബിഹാറിലെ 243 അംഗ നിയമസഭയിൽ എൻ.ഡി.എക്ക് 150 സീറ്റ് വരെ ലഭിച്ചേക്കാമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഇൻഡ്യ മുന്നണിക്ക് 110 സീറ്റിൽ കൂടില്ല. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് പരമാവധി അഞ്ച് സീറ്റുകളായിരിക്കും ലഭിക്കുക എന്നും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ചയാണ് ബിഹാറിൽ വോട്ടെണ്ണൽ. ആർ.ജെ.ഡി 72 സീറ്റ് വരെ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമ്പോൾ തൊട്ടടുത്ത് ബി.ജെ.പി വരുമെന്നാണ് മിക്ക സർവേകളും പറയുന്നത്. കോൺഗ്രസിന് പരമാവധി 27 സീറ്റുകളായിരിക്കും ലഭിക്കുകയെന്നും സർവേ പ്രവചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

