ലാലുവിന്റെ പാപങ്ങൾ മറക്കാൻ തേജസ്വി ശ്രമിക്കുന്നു -മോദി
text_fieldsനരേന്ദ്ര മോദി
പട്ന: ആർ.ജെ.ഡിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ പിതാവ് ലാലു പ്രസാദ് യാദവിന്റെ ചിത്രം മൂലയിലേക്ക് മാറ്റി അദ്ദേഹത്തിന്റെ പാപങ്ങൾ മറക്കാനാണ് ഇൻഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാതിഹാർ ജില്ലയിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാലുവിന്റെയും തേജസ്വിയുടെയും പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ വിമർശനം. പകരം, തേജസ്വി യാദവിനെ കാട്ടുനീതിയുടെ യുവരാജാവ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ലാലു ഉന്നത നേതാവെന്നാണ് അവർ അവകാശപ്പെടുന്നത്. വർഷങ്ങളോളം മുഖ്യമന്ത്രിയുമായിരുന്നു. എന്നിട്ടും സ്വന്തം പിതാവിന്റെ ചിത്രങ്ങൾ പോലും പോസ്റ്ററിൽ കാണിക്കാതെ എന്ത് തിന്മയാണ് അദ്ദേഹം മറക്കാൻ ശ്രമിക്കുന്നത്. ഒരുപക്ഷേ, നേതാവ് കാട്ടുനീതിയുടെ ഭാണ്ഡം പേറുന്നതുകൊണ്ടായിരിക്കാം അങ്ങനെ ചെയ്തതെന്നും മോദി പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബം ആർ.ജെ.ഡിയെ നയിക്കുമ്പോൾ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമാണ് കോൺഗ്രസിനെ നയിക്കുന്നത്. നാടൻ തോക്ക് തലക്കുനേരെ ചൂണ്ടി ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ കോൺഗ്രസ് സമ്മതിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
മോദിയുടെ നാടൻതോക്ക് പരാമർശത്തെ വിമർശിച്ച് തേജസ്വി
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ ‘കട്ട’ എന്ന പ്രയോഗം നടത്തിയതിനെ വിമർശിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഇങ്ങനെയൊരു പ്രയോഗം ഒരു പ്രധാനമന്ത്രിയും നടത്തിയതായി കേട്ടിട്ടില്ലെന്ന് തേജസ്വി പറഞ്ഞു. ആദ്യം കോൺഗ്രസ് ഇൻഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി വരുന്നതിനെ അംഗീകരിച്ചിരുന്നില്ലെന്നും പിന്നെ ആർ.ജെ.ഡി ഒരു കട്ട (നാടൻ തോക്ക്) അവർക്കുനേരെ ഉയർത്തിയതോടെയാണ് വഴങ്ങിയതെന്നുമാണ് മോദി പറഞ്ഞത്. പ്രസ്താവന അദ്ദേഹത്തിന്റെ ചിന്തയുടെ പ്രതിഫലനമാണെന്ന് തേജസ്വി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

