പുതിയ സർക്കാറിന് ജനങ്ങളുടെ ഇച്ഛക്കൊത്ത് പ്രവർത്തിക്കാൻ സാധിക്കട്ടെ; മൗനം വെടിഞ്ഞ് നിതീഷ്‍ കുമാറിന് ആശംസയുമായി തേജസ്വി യാദവ്
text_fieldsപട്ന: തുടർച്ചയായ അഞ്ചാംതവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജെ.ഡി.യു തലവൻ നിതീഷ് കുമാറിന് ആശംസയുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ആദ്യമായാണ് തേജസ്വി
പരസ്യ പ്രസ്താവന നടത്തുന്നത്. പുതിയ സർക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ കഴിയട്ടെ എന്നായിരുന്നു തേജസ്വിയുടെ ആശംസ.
ബിഹാറിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു തേജസ്വിയുടെ പ്രതികരണം.
''ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിന് ഹൃദയംഗമമായ ആശംസകൾ. പുതിയ സർക്കാറിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാർക്കും ആശംസകൾ നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുസരിച്ച് പ്രവർത്തിക്കാൻ പുതിയ സർക്കാറിന് സാധിക്കട്ടെ. അവർക്ക് നൽകിയ വാഗ്ദാനങ്ങളും തെരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളും നിറവേറ്റാൻ സാധിക്കട്ടെ. ബിഹാറിലെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരവും ക്രിയാത്കവുമായ മാറ്റം കൊണ്ടുവരാനും സാധിക്കട്ടെ''-എന്നാണ് തേജസ്വി എക്സിൽ കുറിച്ചത്.
ബിഹാറിൽ 10ാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. ഇതോടെ നിതീഷ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയെന്ന ചരിത്രവും കുറിച്ചു.
ബി.ജെ.പി നേതാക്കളായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയുമാണ് പുതിയ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. മുഖ്യമന്ത്രിയും 18 മന്ത്രിമാരും രണ്ട് ഉപമുഖ്യമന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജെ.പി. നദ്ദ, രാജ്നാഥ് സിങ്, ധർമേന്ദ്ര പ്രധാൻ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിനെത്തിയിരുന്നു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 202 സീറ്റുകൾ തൂത്തുവാരിയാണ് എൻ.ഡി.എ അധികാരം നിലനിർത്തിയത്. 89 സീറ്റുകൾ നേടിയ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജെ.ഡി(യു)85ഉം ലോക് ജൻശക്തി 19ഉം സീറ്റുകൾ നേടി.
തെരഞ്ഞെടുപ്പിൽ ഉയർച്ചയും താഴ്ചയും അനിവാര്യമായ ഘടകങ്ങളാണെന്നായിരുന്നു നിയമസഭ ഫലമറിഞ്ഞ ശേഷം ആർ.ജെ.ഡി പ്രതികരിച്ചത്. ജനങ്ങളുടെ ശബ്ദമായി ആർ.ജെ.ഡി തുടരുമെന്നും പാർട്ടി വ്യക്തമാക്കുകയുണ്ടായി.
''പൊതുസേവനം എന്നത് ഒരിക്കലും എളുപ്പമുള്ള പ്രക്രിയ അല്ല. അവസാനിക്കാത്ത യാത്രയാണത്. ഉയർച്ചയും താഴ്ചയും അതിൽ അനിവാര്യമാണ്. പരാജയപ്പെട്ടതിൽ ദുഃഖം പാടില്ല. അതുപോലെ വിജയത്തിൽ അഹങ്കരിക്കുകയും ചെയ്യരുത്. പാവങ്ങളുടെ പാർട്ടിയാണ് രാഷ്ട്രീയ ജനതാദൾ. ജനങ്ങളുടെ ശബ്ദമായി പാർട്ടി പ്രവർത്തനം തുടരും''-എന്നാണ് ആർ.ജെ.ഡി എക്സിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

