പൊള്ളയായ വാഗ്ദാനങ്ങൾ ചൊരിയുംമുമ്പ് കണ്ണു തുറന്ന് ബിഹാറിലെ അവസ്ഥകൾ കാണാൻ മോദിയോട് തേജസ്വി
text_fieldsപട്ന: മോദിയുടെ പൂർണിയ സന്ദർശനത്തിന് തൊട്ടു മുമ്പ് കടുത്ത ആക്രമണം നടത്തി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. അദ്ദേഹത്തിന്റെ റാലി, ബിഹാർ പോലുള്ള ഒരു ദരിദ്ര സംസ്ഥാനത്തിന് 100കോടിയുടെ അധിക സാമ്പത്തിക ഭാരം വരുത്തിവെക്കുമെന്നും അദ്ദേഹം ‘എക്സി’ലൂടെ ആഞ്ഞടിച്ചു.
‘ആദരണീയനായ പ്രധാനമന്ത്രി മോദി ജി, പൂർണിയയിൽ ഇന്ന് പൊള്ളയായ വാഗ്ദാനങ്ങൾ ചൊരിയുന്നത് മുമ്പ് താങ്കൾ സഞ്ചരിക്കുന്ന 2-3 കിലോമീറ്റർ ചുറ്റളവിലെ പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകളും അധ്യാപകരില്ലാത്ത സ്കൂളുകളും ഞെരുങ്ങിയമർന്ന ഹെൽത്ത് സെന്ററുകളും പ്രശ്നങ്ങളിലൂടെ കടന്നുപോവുന്ന സ്ത്രീ ജീവിതങ്ങളെയും പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം, കുടിയേറ്റം എന്നിവയിൽ മുങ്ങിത്താഴുന്ന യുവജനങ്ങളെയും ദയവായി ഒന്ന് ശ്രദ്ധിക്കുക. ഇന്നലെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളജിലെ പരിതാപകരമായ അവസ്ഥ ഉറപ്പായും താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാവും’ എന്നും തേജസ്വി കുറിച്ചു.
ബിഹാറിൽ പ്രധാനമന്ത്രി ഇതുവരെ നടത്തിയ റാലികളിൽ ചെലവഴിച്ച തുകയുണ്ടെങ്കിൽ ഇവിടെ സ്കൂളുകൾക്കുള്ള മതിലുകൾ, കളിസ്ഥലങ്ങൾ, പെൺകുട്ടികൾക്കായുള്ള പ്രത്യേക ടോയ്ലറ്റുകൾ എന്നിവ നിർമിക്കാമായിരുന്നെന്നും ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്നുകളും മാനവ വിഭവശേഷിയും നവീകരിക്കാമായിരുന്നെന്നും തേജ്വസി യാദവ് പറഞ്ഞു. അധ്യാപകരും പ്രാഥമികാരോഗ്യ പ്രവർത്തകരും ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാർ അവരുടെ ജോലി ഉപേക്ഷിച്ച് പരിപാടിക്കായി ജനങ്ങളെ ചേർക്കാനായി നിർബന്ധിതരാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
11 വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി ഇതേ ജില്ലയിൽ നിന്ന് ബിഹാറിന് പ്രത്യേക വിഭാഗ പദവി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നത് ഓർക്കുന്നുണ്ടോയെന്നും ആ വാഗ്ദാനത്തിന് എന്തുസംഭവിച്ചെന്നും തേജ്വസി യാദവ് ചോദിച്ചു.
കഴിഞ്ഞ ദിവസം പൂർണിയയിലെ മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ച് അവിടെയുള്ള പ്രശ്നങ്ങൾ തേജസ്വി പുറത്തുകൊണ്ടുവന്നിരുന്നു. മതിയായ ഡോക്ടർമാരില്ലാത്തതും കിടക്കകളിൽ ഒന്നിലേറെ രോഗികളെ കിടത്തുന്നതും ഐ.സി.യു ഇല്ലാത്തതും അടക്കം നിരവധി ഗുരുതര പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ഇരട്ട ‘ജംഗ്ൾ രാജ്’ എന്ന് കേന്ദ്ര- സംസ്ഥാന സർക്കാറുകളെ അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

