തേജസ്വി: ഓൾറൗണ്ടർ
text_fieldsബിഹാർ ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവ് സത്യപ്രതിജ്ഞചെയ്യുന്നു
പട്ന: രാഷ്ട്രീയക്കളത്തിൽ അരങ്ങേറ്റം കുറിക്കുംമുമ്പ് തേജസ്വി പ്രസാദ് യാദവ് ക്രിക്കറ്റിലെ ഓൾറൗണ്ടറായിരുന്നു. പക്ഷേ, രാഷ്ട്രീയത്തിലിറങ്ങുന്നതിന് രണ്ടുംവർഷംമുമ്പെ ക്രിക്കറ്റ് പിച്ചിനോട് വിടപറഞ്ഞ് ഒളിഞ്ഞും തെളിഞ്ഞും വിക്കറ്റ്‍വീഴ്ത്തുന്ന രാഷ്ട്രീയത്തെ നെഞ്ചോടുചേർത്തു കഴിഞ്ഞിരുന്നു.തേജസ്വിയുടെ രാഷ്ട്രീയതാൽപര്യം തൊട്ടറിഞ്ഞ ലാലുപ്രസാദ് യാദവിനും ഇളയ മകനോടായിരുന്നു കൂടുതലിഷ്ടം. വലംകൈയൻ ബാറ്ററും ബൗളറുമായി 2013 വരെ കളിക്കളത്തിലായിരുന്നു തേജസ്വി.
പിതാവിന്റെ കണക്കുകൂട്ടൽ പോലെ 2015ൽ ആദ്യതവണ എം.എൽ.എയും ഒട്ടുംവൈകാതെ ഉപമുഖ്യമന്ത്രിയുമായി. 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം അതിജീവിച്ച് ആർ.ജെ.ഡിക്ക് 75 സീറ്റ് നേടിക്കൊടുത്തു ഈ 33കാരൻ. നിയമസഭയിൽ നിതീഷ് കുമാർ സർക്കാറിനെ വെല്ലുവിളിച്ചിരുന്ന പ്രതിപക്ഷ നേതാവിൽനിന്നാണ് അതേ നിതീഷിന്റെ ഉപമുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്.
ലാലു പ്രസാദ് യാദവിന്റെയും റബ്റിദേവിയുടെയും ഏഴ് പെൺമക്കളിലും രണ്ട് ആൺ മക്കളിലും ഏറ്റവും ഇളയവനായി 1989 നവംബർ ഒമ്പതിന് ബിഹാറിലെ ഗോപാൽഗഞ്ചിലാണ് തേജ്വസിയുടെ ജനനം. മൂത്തസഹോദരി മിസ ഭാരതി എം.ബി.ബി.എസ് പഠനത്തിന് ഡൽഹിയിലേക്ക് ചേക്കറിയതോടെ തേജസ്വിയുടെ വിദ്യാഭ്യാസവും അവിടെയായി.
വസന്ത് വിഹാറിലെ ഡൽഹി പബ്ലിക് സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. ആർ.കെ. പുരം ഡൽഹി പബ്ലിക് സ്കൂളിലായിരിക്കെ അണ്ടർ 15 ക്രിക്കറ്റ് ടീമിൽ കളിക്കുമ്പോൾ വിരാട് കോഹ്‍ലിയായിരുന്നു ക്യാപ്റ്റൻ. ദേശീയ ചാമ്പ്യൻഷിപ്പിൽ ഇഷാന്ത് ശർമയുമായായിരുന്നു വിജയക്കൂട്ടുകെട്ട്. പത്താംക്ലാസിൽ പഠനം അവസാനിപ്പിച്ചു. 2015ൽ രാഘോപുർ മണ്ഡലത്തിൽനിന്നാണ് എം.എൽ.എയാവുന്നത്. 2015 മുതൽ 2017വരെ ഉപമുഖ്യമന്ത്രിയായി. ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയെന്ന ഖ്യാതിയും സ്വന്തമാക്കി.
കാലിത്തീറ്റ കുംഭകോണ കേസുകളിൽ ശിക്ഷിക്കപ്പെട്ട് പിതാവ് ജയിലിൽ കഴിയുമ്പോൾ തേജസ്വിയാണ് ആർ.ജെ.ഡിയെ നിലനിർത്തിയത്. 2020ലെ തെരഞ്ഞെടുപ്പിൽ വിമർശന മുനയൊടിച്ച് ആർ.ജെ.ഡിയോട് കടുത്ത എതിർപ്പ് പുലർത്തുന്ന സി.പി.ഐ(എം.എൽ) ഉൾപ്പെടെ സഖ്യകക്ഷികളെ ഒന്നിപ്പിക്കുന്നതിലും വിമതശല്യം ഒഴിവാക്കുന്നതിലും കൗശലം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

